IndiaLatest

ആദ്യം തൊഴുത് വണങ്ങും, പിന്നെ ഭണ്ഡാരം കുത്തിപ്പൊളിക്കും; പക്ഷേ സിസിടിവി ഇതെല്ലാം കണ്ടു

“Manju”

ജയ്പൂര്‍: ക്ഷേത്രങ്ങളില്‍ കയറി പ്രാര്‍ത്ഥന നടത്തുകയും പിന്നീട് സ്ഥിരമായി മോഷണം നടത്തുകയും ചെയ്യുന്ന മോഷ്ടാവ് അറസ്റ്റില്‍. രാജസ്ഥാനിലെ അല്‍വാറിലാണ് ഗോപേഷ് ശര്‍മ്മ (37) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ക്ഷേത്രങ്ങളെ ലക്ഷ്യം വെച്ചാണ് മോഷണം നടത്തിയിരുന്നത്.

ക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥന നടത്തുകയും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയും ചെയ്യലാണ് ഇയാളുടെ മോഷണ രീതി. ആല്‍വാറിലെ ആദര്‍ശ് നഗറിലെ ക്ഷേത്രത്തിലെത്തിയ ശര്‍മ്മ പ്രാര്‍ത്ഥിക്കുകയും ഒടുവില്‍ സംഭാവന പെട്ടിയില്‍ നിന്ന് പണം മോഷ്ടിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് വെള്ളിയാഭരണങ്ങള്‍, കുടകള്‍, വഴിപാട് പെട്ടിയിലെ പണവും ഇയാള്‍ മോഷ്ടിച്ചു. മോഷണ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ചോദ്യം ചെയ്യലില്‍ താന്‍ സമാനമായ രീതിയില്‍ നിരവധി ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഗോപേഷ് ശര്‍മ്മ ക്ഷേത്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ പരിശോധിച്ചതിന് ശേഷം പൂജാരി രാത്രി പോയതിനുശേഷം, വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കലാണ് രീതി. അതേസമയം, ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പഴയ കേസുകള്‍ അന്വേഷിച്ച് വരികയാണ് പൊലീസ്.

 

Related Articles

Back to top button