KeralaLatestThiruvananthapuram

സ്വപ്നയ്ക്കും സന്ദീപിനും കോവിഡ് നെഗറ്റീവ്, കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഐഎ

“Manju”

കൊച്ചി• തിരുവനന്തപുരം സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്കു കോവിഡ് ഇല്ല. ഇരുവരുടെയും പരിശോധന ഫലം നെഗറ്റിവാണ്. ഞായറാഴ്ച രാവിലെ ആലുവ ആശുപത്രിയിൽവച്ചാണ് ഇവരുടെ സാംപിളുകൾ ശേഖരിച്ചത്. മൂന്ന് ദിവസത്തെ റിമാൻഡിൽ വിട്ടതിനാൽ സ്വപ്ന തൃശൂരിലും സന്ദീപ് കറുകുറ്റിയിലും കോവിഡ് കെയർ സെന്ററുകളിലാണ് ഇപ്പോഴുള്ളത്.

എൻഐഎ പ്രത്യേക ജഡ്ജ് പി. കൃഷ്ണകുമാറാണു കോടതിയിൽ കേസ് പരിഗണിച്ചത്. പ്രതികളുടെ കോവിഡ് പരിശോധന ഫലം അറിയേണ്ട സാഹചര്യത്തിൽ ഇരുവരെയും മൂന്ന് ദിവസത്തെ റിമാൻഡിലാണു വിട്ടത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഫ്ലാറ്റിൽവച്ചാണ് എൻഐഎ സ്വപ്നയെയും സന്ദീപിനെയും പിടികൂടിയത്. ഞായറാഴ്ച വൈകിട്ടോടെ ഇവരെ കൊച്ചി എൻഐഎ ഓഫിസിലെത്തിച്ചു. നിയമനടപടികൾക്ക് സ്വപ്നയ്ക്കായി അഭിഭാഷകയെയും ലഭ്യമാക്കിയിട്ടുണ്ട്.

സ്വപ്നയുടെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റിവായത് എൻഐഎയ്ക്കും ആശ്വാസം നൽകുന്നു. സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിൽ വേണമെന്ന എൻഐഎ ആവശ്യം തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്. തിങ്കൾ മുതൽ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. ഭീകരപ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ കടത്തിയ സ്വർണം ഉപയോഗിച്ചതായി കരുതുന്നു. ഇക്കാര്യത്തിൽ ഇരുവരുടെയും ബന്ധം പരിശോധിക്കേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ എൻഐഎ വ്യക്തമാക്കി.

അതേസമയം സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾ നിഷേധിച്ച് ഫൈസൽ ഫരീദ് രംഗത്തെത്തി. സ്വർണക്കടത്തിൽ ഒരു ബന്ധവുമില്ല. തന്റെ പേര് എൻഐഎയുടെ എഫ്ഐആറിൽ വന്നതിനെപ്പറ്റി അറിയില്ല. സ്വപ്ന അടക്കമുള്ള പ്രതികളുമായി ഒരു ബന്ധവുമില്ല. എഫ്ഐആറില്‍ പറയുന്ന അൽത്തസാർ സ്പൈസസ് എന്ന സ്ഥാപനത്തെക്കുറിച്ച് അറിയില്ലെന്നും ഫൈസൽ പറഞ്ഞു

Related Articles

Back to top button