KeralaLatest

സ്വപ്നയെ ചോദ്യം ചെയ്യുന്നത് എൻഐഎ യുടെ ആക്ഷൻ ഹീറോ അഡിഷനൽ എസ്പി ഷൗക്കത്തലി

“Manju”

തിരുവനന്തപുരം • അന്വേഷണം പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്വപ്ന സുരേഷിന്റെ ഒളിത്താവളം കണ്ടെത്തിയത് എൻഐഎ സ്വർണക്കടത്തു കേസിനു നൽകുന്ന പ്രധാന്യം വ്യക്തമാക്കുന്നു. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎം ഉന്നത നേതാക്കളെ അറസ്റ്റു ചെയ്ത, മുടക്കോഴി മല അർധരാത്രി നടന്നു കയറി കൊടിസുനിയെയും സംഘത്തെയും പിടികൂടിയ എൻഐഎ അഡിഷനൽ എസ്പി ഷൗക്കത്തലിയാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. പാനായിക്കുളം സിമി കേസ്, കളിയിക്കാവിള വെടിവയ്പ് കേസ് തുടങ്ങിയ കേസുകൾ അന്വേഷിച്ച് പ്രശംസ പിടിച്ചുപറ്റിയ എൻഐഎ ഡിവൈഎസ്പി സി.രാധാകൃഷ്ണപിള്ളയ്ക്കാണ് അന്വേഷണ ചുമതല.

ടിപി കേസിലെ പ്രതികളെ പിടികൂടുകയും പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോള്‍ എൻഐഎയിലേക്ക് ഡപ്യൂട്ടേഷനിൽ പോകുകയും ചെയ്ത ഷൗക്കത്തലിക്ക് അന്വേഷണത്തിന്റെ പ്രധാന ചുമതല നൽകുമ്പോൾ തുടർ നടപടികളെ സംബന്ധിച്ച് രാഷ്ട്രീയ കേന്ദ്രങ്ങൾക്കും ആകാംക്ഷയുണ്ട്. ഏതു ജോലി നൽകിയാലും പേടിയില്ലാതെ ആ ദൗത്യം പൂർത്തിയാക്കുന്ന ഉദ്യോഗസ്ഥനെന്നാണ് സേനയിലുള്ളവർ ഷൗക്കത്തലിയെക്കുറിച്ച് പറയുന്നത്. ആക്‌ഷനു പറ്റിയ ഓഫിസർ.

കലാപമോ അക്രമാസക്തമായ മാർച്ചോ അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥരുടെ ആദ്യപരിഗണന ഷൗക്കത്തലിയായിരിക്കും. സിപിഎം നേതാവായ പി.മോഹനനെ അറസ്റ്റു ചെയ്യാൻ മറ്റ് ഉദ്യോഗസ്ഥര്‍ മടിച്ചപ്പോൾ ദൗത്യം ഏറ്റെടുത്തത് ഷൗക്കത്തലിയാണ്. മുടക്കോഴി മലയിൽ അർധരാത്രി കയറി കൊടി സുനിയെയും സംഘത്തെയും പിടികൂടിയതു കേരള പൊലീസിന്റെ ചരിത്രത്തിന്‍റെ ഭാഗമാണ്. ‘സൈലന്റ് നൈറ്റ്’ എന്നു പേരിട്ട ആ ഓപ്പറേഷന് ചുക്കാന്‍ പിടിച്ചത് ഷൗക്കത്തലിയാണ്. ആദ്യമായാണ് അത്തരമൊരു ഓപ്പറേഷൻ കേരള പൊലീസ് നടത്തുന്നത്.

Related Articles

Back to top button