IndiaLatest

കിടിലൻ ലുക്കിൽ കിയ കാർണിവൽ

“Manju”

 

രാജ്യാന്തര വിപണിയിൽ ഉടൻ പുറത്തിറങ്ങുന്ന പുതിയ തലമുറ കാർണിവല്ലിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ട് കിയ മോട്ടോഴ്സ്. അടുത്ത വർഷം അവസാനം കൊറിയയിലും തുടർന്ന് മറ്റു വിപണികളിലെത്തുന്ന വാഹനത്തിന്റെ എക്സ്റ്റിരിയർ ചിത്രങ്ങൾ നേരത്തെ കമ്പനി പുറത്തുവിട്ടിരുന്നു.

അടിമുടി മാറ്റങ്ങളുമായി എത്തുന്ന കാർണിവലിന് കൂടുതൽ എസ്‍യുവി മുഖമാണ് കിയ നൽകിയിരിക്കുന്നത്. നിലവിലെ കാർണിവല്ലുമായി വളരെയധികം മാറ്റങ്ങളുള്ള ഇന്റീരിയറാണ് പുതിയ മോഡലിൽ. പ്രീമിയം ഫീൽ നൽകുന്ന ബീഡ് ബ്രൗൺ കളർ കോമ്പിനേഷനാണ് ഉൾവശത്ത്. മീറ്റർ കൺസോളിലും ഡാഷ്ബോർഡിലുമായി രണ്ട് 12.3 ഇഞ്ച് സ്ക്രീനുകൾ. ഒരെണ്ണം ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണെങ്കിൽ അടുത്തത് ഇൻഫോടെയിൻമെന്റ് സ്ക്രീനാണ്. ഒറ്റ യൂണിറ്റുപോലെയാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. എസി വെന്റുകൾക്കും വ്യത്യസ്തമായ രൂപമാണ്.

പ്രീമിയം ഫീൽ നൽകുന്നതിന് വുഡ്ഫിനിഷും നൽകിയിരിക്കുന്നു. ഹ്യുണ്ടേയ് ആഡംബര ബ്രാൻഡായ ജെനിസിസിന്റെ സെഡാൻ ജി80 നോട് സാമ്യം തോന്നുന്ന ഷിഫ്റ്റ് ബൈ വയർ ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനാണ് വാഹനത്തിൽ. 7, 9, 11 സീറ്റ് കോൺഫിഗറേഷനുകളിൽ ലഭിക്കുന്നത്. രണ്ടാം നിരയാത്രക്കാർക്കായി ക്യാപ്റ്റിൻസ് ചെയറാണ് ഒരുക്കിയിരിക്കുന്നതെന്നാണ് കിയ പറയുന്നത്.

കിയയുടെ എസ്‍യുവികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രൂപഭംഗിയാണ് പുതിയ വാഹനത്തിന്. ഡയമണ്ട് പാറ്റേണിലുള്ള ടൈഗർ നോസ് ഗ്രിൽ, എൽഇഡി ഹെ‍ഡ്‌ലാംപുകള്‍, ഗ്രില്ലിലേക്ക് ഇറങ്ങി നിൽക്കുന്ന ഡേടൈം റണ്ണിങ് ലാംപുകൾ എന്നിവയുണ്ട്. പഴയ മോഡലിനെക്കാൾ വലിയ ബോണറ്റാണ് പുതിയ കാർണിവലിന്. പ്രോമിനന്റായ ക്യാരക്ടർ ലൈൻ, 19 ഇഞ്ച് അലോയ് വീലുകൾ കറുപ്പുനിറമുള്ള എ, ബി, സി പില്ലറുകൾ എന്നിവ വശങ്ങളിലെ ലുക്ക് മനോഹരമാക്കുന്നു. നിലവിലെ കാർണിവല്ലിനെക്കാൾ 40 എംഎം നീളവും 30 എംഎം വീൽബെയ്സും 10 എംഎം വീതിയും പുതിയ വാഹനത്തിനുണ്ടാകും. ഇന്റീരിയറിലെ മാറ്റങ്ങളുടെ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

കിയ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിലവിൽ നിന്ന് വ്യത്യസ്തമായി വില കുറഞ്ഞ 11 സീറ്റ് വകഭേദവും പുതിയ മോഡലിന് ലഭിച്ചേക്കും. എൻജിൻ വിവരങ്ങൾ കിയ പുറത്തുവിട്ടിട്ടില്ലെങ്കിലും 2.2 ലീറ്റർ ഡീസൽ, 280 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റർ ‍ഡീസൽ, 1.6 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എന്നിവ പുതിയ വാഹനത്തിൽ പ്രതീക്ഷിക്കാം.

രാജ്യാന്തര വിപണിയിൽ 1998ൽ പുറത്തിറങ്ങിയ കാർണിവല്ലിന്റെ രണ്ട് ദശലക്ഷം യൂണിറ്റുകൾ വിറ്റിട്ടുണ്ടെന്നാണ് കിയ പറയുന്നത്. ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം രാജ്യാന്തര വിപണിയിൽ അരങ്ങേറുന്ന കാർണിവൽ 2022 ൽ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button