KeralaLatest

വയലിന്‍ മീട്ടി രണ്ടാമതും ഗ്രാമി നേടി മനോജ്

“Manju”

കൊച്ചി: സംഗീതത്തിലെ ഓസ്കാറായ ഗ്രാമിയുടെ പെരുമ രണ്ടാം വട്ടം കേരളത്തിലേക്ക് കൊണ്ടുവരാനായതിന്റെ ത്രില്ലിലാണ് തൃശൂര്‍ എല്‍ത്തുരുത്തുകാരന്‍ മനോജ് ജോര്‍ജ്. വയലിനില്‍ മാന്ത്രിക സംഗീതം പൊഴിക്കുന്ന മനോജിന്റെ കരസ്പര്‍ശം കൂടിയുണ്ട് ഇക്കുറി ലാസ് വേഗാസിലെ ഗ്രാന്‍ഡ് മാര്‍ക്വീ ബോള്‍റൂമില്‍ തിരഞ്ഞെടുക്കപ്പെട്ട ന്യൂ ഏജ് ആല്‍ബമായ ഡിവൈന്‍ ടൈഡ്സിന്. ഇന്ത്യന്‍ സംഗീത സംവിധായകന്‍ റിക്കി കേജ്, റോക്ക് ഇതിഹാസം സ്റ്റുവര്‍ട്ട് കോപ്ലാന്‍ഡ് എന്നിവരൊരുക്കിയ സംഗീത ആല്‍ബമാണിത്.

2015ലാണ് മനോജ് ആദ്യമായി ഗ്രാമിയില്‍ മുത്തമിടുന്നത്. റിക്കി കേജ് തന്നെ ഒരുക്കിയ ‘വിന്‍ഡ്സ് ഒഫ് സംസാര’യായിരുന്നു ആല്‍ബം. ഏഴില്‍ പഠിക്കുമ്പോഴാണ് മനോജിന് വയലിനില്‍ കമ്പം കയറുന്നത്. കോളരി ലിറ്റില്‍ ഫ്ലവ‌ര്‍ പള്ളി ക്വയറിന്റെ വയലിന്‍ ഈണം ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു. മാതാപിതാക്കളായ ജോ‌ര്‍ജ് ചിറ്റിലപ്പള്ളിയും റോസിയും നിരുത്സാഹപ്പെടുത്തിയില്ല. 600 രൂപമുടക്കി വയലിന്‍ വാങ്ങി നല്‍കി.

കര്‍ണാട്ടിക് സംഗീതത്തിനൊപ്പം പാശ്ചാത്യ സംഗീതവും കൂട്ടിയിണക്കിയുള്ള മനോജിന്റെ കോംപോസിഷനുകള്‍ ശ്രദ്ധിക്കപ്പെട്ടു. തട്ടകം ബംഗളൂരുവിലേക്ക് മാറ്റിയതോടെ സംഗീത പ്രതിഭകളെ അടുത്തറിഞ്ഞു. റിക്കിക്കൊപ്പം പരസ്യങ്ങള്‍ക്കും സിനിമയ്ക്കും വയലിന്‍ മീട്ടി. പിന്നീടാണ് ലോക വേദികളിലേക്കും ആല്‍ബങ്ങളിലേക്കും തിരിയുന്നത്. ചിത്ര, ഹരിഹരന്‍ തുടങ്ങിയവര്‍ക്കൊപ്പം 3,000 വേദികളില്‍ വയലിന്‍ വായിച്ചിട്ടുണ്ട് മനോജ്.

കൊവിഡ് രൂക്ഷമായിരിക്കെയാണ് റിക്കി ഡിവൈന്‍ ടൈഡ്സ് ഒരുക്കുന്നത്. ബംഗളൂരുവിലെ സ്വന്തം മ്യൂസിക് സ്കൂളില്‍ ഇരുന്ന് മനോജ് ഇതിന്റെ ഭാഗമായി. വിദേശരാജ്യങ്ങളിലെ സംഗീതജ്ഞരും ആല്‍ബത്തിനൊപ്പം ചേര്‍ന്നത് ഇങ്ങനെയായിരുന്നു.
മറ്റ് പുരസ്കാരങ്ങള്‍
2020 – ഹോളിവുഡ് മ്യൂസിക് മീഡിയ അവാര്‍ഡ്, 2019 – സരസ്വതി പുരസ്‌കാരം, 2015 – ഗ്രാമി അവാര്‍ഡ്, 2001 – മികച്ച പശ്ചാത്തല സംഗീതത്തിന് നാഷണല്‍ ഫിലിം അവാര്‍ഡ്.

Related Articles

Back to top button