IndiaLatest

മഹാമാരിക്കിടയിലും നിലയ്ക്കാതെ ഇന്ധന വില വര്‍ധന

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: മഹാമാരിക്കിടയിലും ജനങ്ങളുടെ നടുവൊടിച്ച്‌ നിലയ്ക്കാതെ ഇന്ധന വില വര്‍ധന. ഇന്ന് രാജ്യത്ത് ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 13 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡീസല്‍ വില 76 രൂപ 80 പൈസ ആയി.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിന് ശേഷം മാത്രം ഡീസലിന് 11 രൂപ 24 പൈസയാണ് വര്‍ധിപ്പിച്ചത്. ജൂലൈ 12ന് 12 പൈസയും, ജൂലൈ 13ന് 10 പൈസയും ഡീസല്‍ ലിറ്ററിന് വര്‍ധിപ്പിച്ചിരുന്നു. രാജ്യ തലസ്ഥാനത്ത് പെട്രോളിന് മുകളില്‍ ഡീസലിന്റെ വില തുടരുകയാണ്. ന്യൂഡല്‍ഹിയില്‍ ഡീസല്‍ ലിറ്ററിന് 81 രൂപ 18 പൈസയാണ് വില. പെട്രോളിന് 80 രൂപ 43 പൈസയും. ഡീസല്‍, പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരേ വ്യാപക പ്രതിഷേധമാണ് വിവിധ ഇടങ്ങളില്‍ ഉയരുന്നത്.

മൂല്യവര്‍ധിത നികുതി കാരണം ആഭ്യന്തര പെട്രോള്‍, ഡീസല്‍ വിലകള്‍ ഓരോ സംസ്ഥാനത്തിലും വ്യത്യസ്തമാണ്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്കിലെയും രൂപ-ഡോളര്‍ വിദേശനാണ്യ നിരക്കിലെയും മാറ്റങ്ങളെ അടിസ്ഥാനമാക്കി എണ്ണക്കമ്ബനികള്‍ ദിവസേന നിരക്കുകളില്‍ മാറ്റം വരുത്തുന്നതിന്റെ ഭാ​ഗമായാണ് വിലവര്‍ധനയെന്നാണ് വിശദീകരണം. എന്നാല്‍ ക്രൂഡ് വില ഇടിയുന്ന സാഹചര്യത്തില്‍ വില കുറയ്ക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഗതാഗത, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനാല്‍ ആഗോള എണ്ണനിരക്ക് മാര്‍ച്ച്‌ മുതല്‍ കുറഞ്ഞ നിലയിലാണ്. എന്നിട്ടും രാജ്യത്തെ എണ്ണവില വര്‍ധനയില്‍ മാറ്റമില്ല.

Related Articles

Back to top button