KeralaLatestThiruvananthapuram

കൊവിഡ് വ്യാപനം തീവ്രം പാറശാല കണ്ടെയ്‌ന്‍മെന്റ് സോണില്‍

“Manju”

സിന്ധുമോള്‍ ആര്‍

പാറശാല: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പാറശാല ഗ്രാമപഞ്ചായത്ത് കണ്ടെയ്‌ന്‍മെന്റ് സോണില്‍ ഉള്‍പ്പടുത്തിയതായി കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. തമിഴ്‌നാടിനോട് അതിര്‍ത്തി പങ്കിടുന്ന പാറശാല പഞ്ചായത്തില്‍ ദിനംപ്രതി രോഗികളുടെ എണ്ണം കൂടി വന്നതിനെ തുടര്‍ന്നാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് എത്തിയത്. നടപടിയനുസരിച്ച്‌ പഞ്ചായത്തിലെ 23 വാര്‍ഡുകളിലും ജനസഞ്ചാരം ഉള്‍പ്പെടെയുള്ളവയ്ക്ക് കര്‍ശന നിയന്ത്രണം. മെഡിക്കല്‍ സ്റ്റോറുകള്‍ ഒഴികെയുള്ള അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 11 വരെ മാത്രമേ പ്രവര്‍ത്തിക്കൂ. തമിഴ്‌നാടിന്റെ തീരദേശ മേഖലയായ തൂത്തൂരില്‍ രോഗം വ്യാപിച്ചത് പൊഴിയൂരിന് ഭീഷണിയായി മാറിയെങ്കിലും ശക്തമായ നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും സ്വീകരിച്ചതിനാല്‍ രോഗ വ്യാപനം തടയാനായി.

തമിഴ്നാടിനാല്‍ ചുറ്റപ്പെട്ട അയ്ങ്കാമം, ഇഞ്ചിവിള, നടുത്തോട്ടം, നെടുവന്‍വിള, മുര്യങ്കര, പാറശാല ടൗണ്‍, പവതിയാന്‍വിള, പെരുവിള, പുല്ലൂര്‍ക്കോണം തുടങ്ങിയ വാര്‍ഡുകളിലായി നിരവധി പേര്‍ക്ക് ഇതിനകം തന്നെ രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നത് കാരണം മെഡിക്കല്‍ കോളേജില്‍ നിന്നെത്തിയ വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനയില്‍ രോഗലക്ഷണങ്ങളുള്ള നിരവധി പേരെ കണ്ടെത്തി ചികിത്സയ്ക്കയച്ചു. മറ്റുചിലരെ ക്വാറന്റൈനില്‍ തുടരാനും നിര്‍ദ്ദേശിച്ചു. അയ്ങ്കാമത്ത് പുതുതായി കണ്ടെത്തിയ ഒരു അമ്മയും കുഞ്ഞും ഉള്‍പ്പെടെ ആറ് പേരും, നെടുവാന്‍വിളയില്‍ കണ്ടെത്തിയ ഗ്യാസ് ഏജന്‍സിയിലെ തൊഴിലാളികളായ നാല് പേരും, രണ്ട് ആട്ടോറിക്ഷാ ഡ്രൈവര്‍മാരും, മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു.

അയ്ങ്കാമത്തിനു സമീപത്തെ ഇഞ്ചിവിള വാര്‍ഡില്‍ ഇതിനകം തന്നെ പത്തോളം പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. കൂടാതെ പാറശാല പഞ്ചായത്തിലെ നടുത്തോട്ടം, നെടുവാന്‍വിള, പവതിയാന്‍വിള,പെരുവിള,വാര്‍ഡുകളിലും രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്താന്‍ കഴിഞ്ഞു. തമിഴ്‌നാട്ടില്‍ എത്തിയ രോഗികളെ ചികിത്സിച്ചത് കാരണം പാറശാലയിലെ സര്‍ക്കാര്‍ ആശുപത്രി ഉള്‍പ്പെടെ നാല് ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി. ഈ ആശുപത്രികളില്‍ ചികിത്സ തേടിയ നിരവധി പേരെ ക്വാറന്റൈനിലയച്ചു. ഓരോരുത്തരും കൂടുതല്‍ ജാഗ്രത പാലിക്കേണ്ട ആവശ്യം നിലനില്‍ക്കെ തന്നെ ഓരോ പ്രദേശത്തും രോഗം സ്ഥിരീകരിക്കുന്നതോടെ ആ മേഖലയിലെ ജനജീവിതം കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുകയാണ്.

Related Articles

Back to top button