IndiaLatest

കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് വിദേശ യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: കോവാക്‌സിന്‍ കുത്തിവെപ്പെടുത്തവര്‍ക്ക് വിദേശയാത്ര ബുദ്ധിമുട്ടുണ്ടാകുമോയെന്ന ആശങ്ക തള്ളി കേന്ദ്രം. ലോകത്ത് ഇതുവരെയിറങ്ങിയതില്‍ മികച്ച വാക്‌സിനുകളിലൊന്നാണ് ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്‌സിനെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.

കോവാക്‌സിന് ഒന്‍പതു രാജ്യങ്ങള്‍ മാത്രമാണ് അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചില മാദ്ധ്യമങ്ങള്‍ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാവിലക്കുണ്ടാകുമെന്ന ആശങ്ക പ്രകടിപ്പിച്ചത്. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച അടിയന്തരോപയോഗത്തിനുള്ള വാക്‌സിനുകളുടെ പട്ടികയിലും കോവാക്‌സിന്‍ ഇടം നേടിയിട്ടില്ല.

വാക്‌സിനുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക്കില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ആശങ്ക ഉയര്‍ന്നത്.അതേസമയം സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് 130 രാജ്യങ്ങള്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.

കോവിഷീല്‍ഡിനെക്കാള്‍ ഫലപ്രദമാണ് കോവാക്‌സിനെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്. പുതിയ വൈറസ് വകഭേദങ്ങളില്‍നിന്ന് സംരക്ഷണമൊരുക്കാനും കോവാക്‌സിനു കഴിയുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button