KeralaKollamLatest

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാഹനങ്ങളില്‍ ഡ്രൈവര്‍ കാബിനുകള്‍ വേര്‍തിരിക്കാന്‍ തുടങ്ങി

“Manju”

സിന്ധുമോള്‍ ആര്‍

കൊല്ലം: മോട്ടോര്‍ വകുപ്പിന്റെ ഉത്തരവ് പ്രകാരം കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി യാത്രാവാഹനങ്ങളില്‍ ഡ്രൈവര്‍ കാബിനുകളില്‍ വേര്‍തിരിക്കാനുള്ള നടപടികള്‍ ജില്ലയില്‍ തുടങ്ങി. ഓട്ടോറിക്ഷകള്‍, ടാക്സികള്‍, സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്‌ട് ക്യാരേജുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാ യാത്രാ വാഹനങ്ങളിലും ഡ്രൈവര്‍ കാബിന്‍ വേര്‍തിരിക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവ്.

പ്രകാശം കടക്കുന്ന അക്രലിക് ഷീറ്റ് ഉപയോഗിച്ച്‌ അടിയന്തരമായി ഡ്രൈവര്‍ കാബിന്‍ വേര്‍തിരിക്കാനാണ് നിര്‍ദേശം. യാത്രക്കാരും ഡ്രൈവറുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാനാണ് അക്രലിക് ഷീറ്റ് ഉപയോഗിച്ച്‌ കാബിന്‍ വേര്‍തിരിക്കുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ പാരിപ്പള്ളി മുതല്‍ കാവനാട് വരെയും മറ്റ് സമീപപ്രദേശങ്ങളിലും ബോധവത്ക്കരണം നടത്തിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഡി. മഹേഷ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനു ജോര്‍ജ്ജ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വിഷ്ണു, ഷാമിര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള യാത്രാവാഹനങ്ങള്‍ക്ക് ഓട്ടമില്ലാതിരിക്കുകയും ക്യാബിന്‍ വേര്‍തിരിക്കുന്നതിനുള്ള ചെലവ് വഹിക്കാന്‍ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തില്‍ ജോസ്‌കോ ജൂവലറി കൊല്ലം സ്റ്റാന്‍ഡിലെ നാനൂറോണം വരുന്ന ഓട്ടോകള്‍ക്ക് ക്യാബിന്‍ വേര്‍തിരിച്ച്‌ നല്‍കാന്‍ തയ്യാറാണെന്ന് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചിട്ടുണ്ട്. അതിന്റെ ആദ്യഘട്ടമായി അന്‍പതോളം ഓട്ടോകള്‍ക്ക് ക്യാബിന്‍ വേര്‍തിരിച്ച്‌ നല്‍കി.

Related Articles

Back to top button