KeralaLatest

ബലി പെരുന്നാൾ : ആഘോഷങ്ങൾ ചുരുക്കാൻ മതനേതാക്കളുടെ യോഗതീരുമാനം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 30ലെ ബലിപെരുന്നാൾ ആഘോഷച്ചടങ്ങുകൾ പ്രതീകാത്മകമായും നിയന്ത്രണങ്ങൾ പാലിച്ചും സംഘടിപ്പിക്കാൻ കളക്ട്രേറ്റിൽ ചേർന്ന മതനേതാക്കളുടെ യോഗം തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി പള്ളികളിലും മഹല്ലുകളിലും പ്രാർത്ഥനാ ചടങ്ങുകൾ സംഘടിപ്പിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത സംഘടനാ പ്രതിനിധികൾ അറിയിച്ചു.
പെരുന്നാൾ ദിനമായ ജൂലൈ 30 ന് കണ്ടെയ്ൻമെന്റ് സോൺ നിലനിൽക്കുന്ന പ്രദേശങ്ങളിലെ പള്ളികളിൽ ആഘോഷചടങ്ങുകൾ ഉണ്ടാകില്ല. പള്ളികളിലെ നമസ്‌കാരചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം ഇപ്പോൾ അനുവദനീയമായ നൂറ്‌പേരെക്കാൾ കഴിയുന്നത്ര ചുരുക്കാൻ യോഗത്തിൽ ധാരണയായി. ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷവും ചില പള്ളികൾ തുറന്നിട്ടില്ലെന്നും നിയന്ത്രണങ്ങൾ പാലിക്കുകയാണെന്നും കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി അഡ്വ. പി യു അലി പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പള്ളികളും മഹല്ലുകളും ബലിപെരുന്നാൾ ദിനത്തിലും സ്വമേധയാ നിയന്ത്രണങ്ങൾ പാലിക്കുമെന്ന് കെ എൻ എം മണ്ഡലം പ്രസിഡന്റ് പി കെ അബ്ദുള്ള അറിയിച്ചു. നഗരത്തിലെ പള്ളികളിൽ അതത് മഹല്ലുകളിൽ നിന്നുള്ളവരെ പാസ് നൽകി മാത്രം പ്രവേശിപ്പിക്കും. സാമൂഹ്യ അകലം പാലിക്കാൻ കഴിയും വിധം പ്രവേശനം നിജപ്പെടുത്തും.
ബലിയറുക്കൽ ചടങ്ങ് കഴിയുന്നത്ര പള്ളികളിൽ ഒഴിവാക്കാൻ ശ്രമിക്കുമെന്ന് കേരള മുസ്ലീം ജമാഅത്ത്, കെഎൻഎം ഉൾപ്പെടെയുള്ള സംഘടനാ പ്രതിനിധികൾ അറിയിച്ചു. ഒരുക്കങ്ങൾ ഇതിനകം ആരംഭിച്ചതിനാൽ ബലിയറുക്കൽ ഒഴിവാക്കാൻ കഴിയാത്ത കേന്ദ്രങ്ങളിൽ പ്രതീകാത്മകമായി മഹല്ല് അടിസ്ഥാനത്തിൽ ഒരു മൃഗത്തെ മാത്രം ബലിയർപ്പിക്കും. നമസ്‌കാരത്തിന് ശേഷം ആലിംഗനം, ഹസ്തദാനം എന്നിവയും ഒഴിവാക്കും. നമസ്‌കാര ചടങ്ങുകൾക്ക് മുൻപായി പള്ളികൾ അണുവിമുക്തമാക്കും. കോവിഡ് നിയന്ത്രണങ്ങൾ എല്ലാ ചടങ്ങുകളിലും പാലിക്കുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ യോഗത്തിൽ അധ്യക്ഷനായി. ജില്ലാ കളക്ടർ എസ് ഷാനവാസ്, സിറ്റി പോലീസ് കമ്മീഷ്ണർ ആർ ആദിത്യ, ഡെപ്യൂട്ടി കളക്ടർ എം സി റെജിൽ, കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി അഡ്വ. പി യു അലി, പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ഫൈസി, കെ എൻ എം മണ്ഡലം പ്രസിഡന്റ് പി കെ അബ്ദുള്ള, ചെട്ടിയങ്ങാടി ഹനഫി മസ്ജിദ് പ്രതിനിധി അബ്ദുൾ ബാസിത്, ഹനഫി മുത്തവല്ലി പി സി സിയാദ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി എ മുനീർ, ആർ എം സുലൈമാൻ, മുത്തവല്ലി ഖാലിദ് ഖൊറൈലി, വി എം റിയാസ്, എസ് വൈ എസ് ജില്ലാ സെക്രട്ടറി ഷറഫുദ്ദീൻ മൗലവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Back to top button