IndiaKeralaLatest

ഫോണില്‍ വിളിച്ച്‌ ബുക്ക് ചെയ്ത ടിക്കറ്റിന് സമ്മാനം 70 ലക്ഷം

“Manju”

പാലോട്: ഫോണില്‍ വിളിച്ച്‌ ബുക്ക് ചെയ്ത ടിക്കറ്റിന് 70 ലക്ഷം രൂപയുടെ സമ്മാനം. എന്നാല്‍ ലക്ഷങ്ങള്‍ കയ്യില്‍ വരുമെന്ന് അറിഞ്ഞിട്ടും പാപ്പച്ചന്റെ കണ്ണു മഞ്ഞളിച്ചില്ല. ടിക്കറ്റ് തന്റെ കൈവശമാണെങ്കിലും അതിന് ഫോണിലൂടെ മറ്റൊരു അവകാശി ഉണ്ടായി എന്ന ഒറ്റക്കാരണം കൊണ്ട് വിശ്വാസത്തിന്റെ മറ്റൊരു പര്യായമായിരിക്കുകയാണ് പാപ്പച്ചന്‍. അദ്ധ്യാപകന്‍ കൂടിയായ ശാസ്താംകോട്ട ശശിധരന്‍ ഫോണില്‍ വിളിച്ച്‌ ബുക്ക് ചെയ്ത ടിക്കറ്റിനാണ് നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ചത്.

ചെറ്റച്ചല്‍ ജവാഹര്‍ നവോദയ വിദ്യാലയത്തിലെ അദ്ധ്യാപകനായ ശാസ്താംകോട്ട കെ. ശശിധരനാണ് ഫോണിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് 70 ലക്ഷം നേടിയത്. അദ്ധ്യാപകനായ ശശിധരന്‍ വിദ്യാലയ പ്രവര്‍ത്തനം ഇല്ലാത്തതു മൂലം ശാസ്താംകോട്ടയിലെ വീട്ടിലായിരുന്നു. പാലോട് ടൗണിലെ പാപ്പച്ചന്റെ ത്രിവേണി ലക്കി സെന്ററിലേക്കു ഫോണില്‍ വിളിച്ചാണു താന്‍ പറഞ്ഞ നമ്ബറുകളിലെ ആറ് ടിക്കറ്റ് എടുത്തു മാറ്റിവയ്ക്കാന്‍ പറഞ്ഞത്.

തന്റെ കയ്യില്‍ ടിക്കറ്റ് ഇരിക്കവേ സമ്മാനം അടിച്ച വിവരം ശശിധരനെ വിളിച്ചു പറഞ്ഞു സത്യസന്ധതയുടെ പ്രതീകമാവുകയായിരുന്നു പാപ്പച്ചന്‍. ഇടയ്ക്കിടെ ഭാഗ്യം പരീക്ഷിക്കുന്ന ശശിധരന് പലതവണ അയ്യായിരം രൂപ വരെയുള്ള സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഗീത അദ്ധ്യാപകന്‍ എന്നതിനപ്പുറം ഉത്സവ പറമ്ബുകളിലും മറ്റും കരോക്കേ ഗാനമേളകളില്‍ ശ്രദ്ധേയനാണ്.

ഉപജീവനത്തിനായി ചെറിയ തോതില്‍ ചീരക്കട എന്ന പേരില്‍ പച്ചക്കറിക്കടയും ഒപ്പം ലോട്ടറിയും വില്‍ക്കുന്ന പാപ്പച്ചനും സന്തോഷത്തിലാണ്. അടുത്ത കാലങ്ങളിലായി നാലു പേര്‍ക്ക് പാലോട് മേഖലയില്‍ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. ഇതില്‍ 60ലക്ഷത്തിന്റെ ഒരു ഭാഗ്യശാലിയെ ഒന്നര വര്‍ഷമായിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ശശിധരനിലൂടെ ഒരിക്കല്‍ കൂടി ഒന്നാം സമ്മാനത്തിന്റെ ഭാഗ്യദേവത പാലോടിനെ കടാക്ഷിച്ചിരിക്കുകയാണ്

Related Articles

Back to top button