IndiaLatest

ആശങ്കയോടെ ചെന്നൈ; കോവിഡ് കേന്ദ്രമായി കോയമ്പേട്

“Manju”

സിന്ധുമോള്‍ ആര്‍

ചെന്നൈ/മുംബൈ/ബെംഗളൂരു∙ ഏഷ്യയിലെ ഏറ്റവും വലിയ പഴം-പച്ചക്കറി മാർക്കറ്റായ കോയമ്പേടിൽ നിന്നു മാത്രം 88 പേർക്കു നേരിട്ടു കോവിഡ് ബാധിച്ചതോടെ ചെന്നൈയിൽ സമൂഹ വ്യാപനമെന്ന് ആശങ്ക. ചെന്നൈയിൽ രോഗികളുടെ എണ്ണം ഇരട്ടിയായത് 4 ദിവസം കൊണ്ട്.

കോവിഡ് ബാധിതരിൽ 98% രോഗലക്ഷണങ്ങൾ ഇല്ലാത്തവരാണെന്നതും ആശങ്ക കൂട്ടുന്നു. മാർക്കറ്റിൽ നിന്നു വിവിധ ജില്ലകളിലേക്കു പച്ചക്കറിയുമായി മടങ്ങിയവർക്കും രോഗം. തമിഴ്നാട്ടിൽ ആകെ കോവിഡ് ബാധിതർ 2757. ചെന്നൈയിൽ മാത്രം 1257. ആകെ മരണം 29.

മഹാരാഷ്ട്രയിൽ 790 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികൾ 12,296 ആയി. ഇന്നലെ 36 പേർ കൂടി മരിച്ചു. ആകെ മരണം 521. മുംബൈയിൽ മാത്രം രോഗികൾ 8,359; മരണം 322. ധാരാവി ചേരിയിൽ 496 രോഗികളാണുള്ളത്.

അതിനിടെ, ആരോഗ്യ ഇൻഷുറൻസ് (മഹാത്മ ജ്യോതിബ ഫുലെ ജൻ ആരോഗ്യ യോജന) പദ്ധതി സാമ്പത്തിക മാനദണ്ഡങ്ങളില്ലാതെ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന കോവിഡ് രോഗികൾക്കും ആനുകൂല്യം ലഭിക്കും. മുംബൈയിൽ നാവിക സേനയുടെ നേവൽ ബേസായ ഐഎൻഎസ് ആംഗ്രെയിൽ കോവിഡ് ബാധിച്ച 38 നാവികരിൽ 12 പേർ സുഖം പ്രാപിച്ചു.

മുഴുവൻ ഉദ്യോഗസ്ഥരോടും ജോലിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട ബോംബെ മുനിസിപ്പൽ കോർപറേഷൻ, ജീവനക്കാർക്ക് നക്ഷത്ര ഹോട്ടലുകളിൽ താമസസൗകര്യം ഒരുക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടിനു കാവൽ നിന്ന 3 പൊലീസ് കോൺസ്റ്റബിൾമാർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കർണാടകയിൽ 48 മണിക്കൂറിനിടെ 3 പേർ മരിച്ചതോടെ ആകെ കോവിഡ് മരണം 25 ആയി. രോഗികൾ 601. അതിനിടെ, അതിഥി തൊഴിലാളികളോട് സംസ്ഥാനം വിടരുതെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി യെഡിയൂരപ്പ. നിർമാണ, വ്യവസായ മേഖലകളിൽ തൊഴിലാളിക്ഷാമം രൂക്ഷമായേക്കും എന്നതിനാലാണിത്. ബെംഗളൂരുവിൽ മാസ്കില്ലാതെ പുറത്തിറങ്ങുന്നവർക്ക് 1000 രൂപ പിഴ ചുമത്തും.

Related Articles

Leave a Reply

Back to top button