KannurKeralaLatest

വിട്ടുവീഴ്ചയില്ലാതെ മാണി സി കാപ്പന്‍

“Manju”

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എകെജി സെന്ററില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന്‍. ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമേ യോഗത്തില്‍ പങ്കെടുക്കൂവെന്നാണ് കാപ്പന്‍ അറിയിച്ചിരിക്കുന്നത്. പാലാ സീറ്റില്‍ തിരുമാനമാകാതെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് കാപ്പന്‍.
ഇന്ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ സീറ്റ് വിഭജനം ചര്‍ച്ചയാകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.എല്‍ഡിഎഫ് ജാഥ, പ്രകടനപത്രിക എന്നീ വിഷയങ്ങളിലൂന്നിയാവും യോഗം. അതേസമയം സീറ്റ് ചര്‍ച്ച അജണ്ടയില്‍ ഇല്ലേങ്കിലും പാലാ സീറ്റിനെ ചൊല്ലിയുള്ള ആശങ്കകള്‍ എന്‍സിപി നേതൃത്വം ഇന്ന് യോഗത്തില്‍ ഉന്നയിക്കും.എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനും എകെ ശശീന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
മാണി സി കാപ്പനേയും ശശീന്ദ്രനേയും പീതാംബരനേയുമാണ് ശരദ് പവാര്‍ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് നേതാക്കളുമായി പവാര്‍ കൂടിക്കാഴ്ച നടത്തുക. അതിന് മുന്‍പ് തന്നെ സിപിഎം ,സിപിഐ നേതാക്കളുമായി പവാര്‍ ചര്‍ച്ച നടത്തും. അതേസമയം പാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്നാണ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ വ്യക്തമാക്കിയിരിക്കുന്നത്.
പാലാ സീറ്റ് തരില്ലെന്ന് എല്‍ഡിഎഫില്‍ ആരും തങ്ങളോട് പറഞ്ഞിട്ടില്ല. സീറ്റ് ലഭിച്ചില്ലേങ്കില്‍ മുന്നണി വിടില്ല. എന്‍സിപി ഒറ്റക്കെട്ടാണ്. പാലായില്‍ എന്‍സിപി മത്സരിക്കണമെന്നത് ഏകകണ്ഠമായ തീരുമാനമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ചേരിതിരിവ് ഇല്ലെന്നും പീതാംബരന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുത്തുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടെന്ന നിലപാടാണ് നേരത്തേ ശരദ് പവാറും വ്യക്തമാക്കിയത്.
അതേസമയം സീറ്റ് ലഭിച്ചില്ലേങ്കില്‍ മാണി സി കാപ്പന്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം യുഡിഎഫിലേക്ക് ചേക്കേറിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കാപ്പന്‍ മുന്നണിയില്‍ എത്തിയാല്‍ പാലായില്‍ തന്നെ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കും. പാലായില്‍ കാപ്പനെ മത്സരിപ്പിക്കുന്നതിനോട് അനുകൂല നിലപാടാണ് പിജെ ജോസഫ് വിഭാഗത്തിനുള്ളത്. അതേസമയം കാപ്പനെത്തിയില്ലേങ്കില്‍ പാലായില്‍ ആരാകും യുഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എല്‍ഡിഎഫില്‍ ജോസ് കെ മാണി തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ചര്‍ച്ചകളെങ്കിലും മണ്ഡലത്തില്‍ അട്ടിമറി സാധ്യത ഉള്ളതിനാല്‍ ജോസ് മറ്റ് സുരക്ഷിത മണ്ഡലങ്ങളും തേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button