IndiaInternationalKeralaLatestThiruvananthapuram

ഭാര്യയെ ദുബായില്‍ കൊലപ്പെടുത്തിയ മലയാളിക്ക് ജീവപര്യന്തം

“Manju”

സിന്ധുമോള്‍ ആര്‍

വിസിറ്റിങ് വിസയില്‍ ദുബായിലെത്തി ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും (25 വര്‍ഷം) നാടുകടത്തലും ശിക്ഷ. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍നായരുടെ മകള്‍ സി വിദ്യാചന്ദ്രനെ (40) കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം നേമം സ്വദേശി യുഗേഷി (43) നെയാണ് ദുബായി കോടതി ശിക്ഷിച്ചത്. ഇതുസംബന്ധിച്ച്‌ വിവരം ലഭിച്ചതായി വിദ്യയുടെ സഹോദരന്‍ വിനയന്‍ പറഞ്ഞു.

2019 സെപ്തംബര്‍ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. മക്കളോടൊപ്പം ഓണം ആഘോഷിക്കാന്‍ വിദ്യ നാട്ടിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു കൊലപാതകം. 16 വര്‍ഷം മുമ്പ് വിവാഹിതരായ ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. സംഭവദിവസം രാവിലെ അല്‍ഖൂസിലെ കമ്പനി ഓഫീസിലെത്തിയ യുഗേഷ് വിദ്യയെ പാര്‍ക്കിങ് സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി. മാനേജരുടെ മുന്നില്‍വച്ച്‌ വിദ്യയെ യുഗേഷ് ആലിംഗനംചെയ്തതിനെ കുറിച്ച്‌ ഇരുവരും തമ്മില്‍ അവിടെവച്ച്‌ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് യുഗേഷ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്നു പ്രാവശ്യം വിദ്യയെ കുത്തി. മരിച്ചെന്ന് ഉറപ്പായതോടെ കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കകം ജബല്‍ അലിയില്‍നിന്ന് പൊലീസ് പിടികൂടി. മൃതദേഹത്തിനടുത്തുനിന്ന് കത്തിയും കണ്ടെടുത്തു.

മുമ്പ് തിരുവനന്തപുരം ടൈറ്റാനിയത്തില്‍ കരാര്‍ ജീവനക്കാരിയായ വിദ്യയെ യുഗേഷ് നിരന്തരം പീഡിപ്പിക്കുമായിരുന്നു. ഇയാള്‍ക്ക് മക്കളോടും സ്നേഹമുണ്ടായിരുന്നില്ല. തുടര്‍ന്ന് വീട്ടുകാരെത്തി വിദ്യയേയും മക്കളേയും കൊല്ലത്തെ വീട്ടിലേക്ക് മാറ്റി. നേരത്തെ കൊല്ലത്ത് വീട് വയ്ക്കാന്‍ യുഗേഷ് എടുത്ത 10 ലക്ഷം രൂപയുടെ വായ്പ ജപ്തിയുടെ വക്കിലായതോടെയാണ് വിദ്യ ദുബായില്‍ ജോലിക്ക് പോയത്. കൊലപാതകത്തിന് 11 മാസം മുമ്പാണ് ഇവര്‍ യുഎഇയിലെത്തിയത്. ഇടയ്ക്ക് ഒരു മാസത്തെ അവധിക്ക് നാട്ടില്‍ എത്തിയിരുന്നു. സംഭവത്തിന് ഒരു മാസം മുമ്പാണ് യുഗേഷ് ദുബായിലെത്തിയത്.

Related Articles

Back to top button