KeralaLatest

സ്വര്‍ണക്കടത്ത് മാത്രമല്ല പ്രളയ ദുരിതാശ്വാസത്തിലും തട്ടിപ്പ്

“Manju”

ശ്രീജ.എസ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പ്രളയ ദുരിതാശ്വസ ഫണ്ടിലും തട്ടിപ്പ് നടത്തിയെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. യു.എ.ഇ.യില്‍നിന്നുള്ള പ്രളയദുരിതാശ്വാസ സഹായത്തിലാണ് ഇടനിലക്കാരിയായി നിന്ന് സ്വര്‍ണ തട്ടിപ്പ് നടത്തയത്. തട്ടിയെടുത്ത പണം കണക്കില്‍പ്പെടുത്താനാണ് എം. ശിവശങ്കര്‍ വഴി തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ സ്വപ്ന സമീപിച്ചത്.

പ്രളയ ദുരിതബാധിതര്‍ക്കുള്ള വീട് നിര്‍മ്മാണത്തിന് യു.എ.ഇ.യിലെ സന്നദ്ധസംഘടന നല്‍കിയ ഒരുകോടി ദിര്‍ഹത്തിന്റെ (20 കോടി രൂപ) സഹായത്തിലാണ് വെട്ടിപ്പ് നടന്നത്. ഇതില്‍ നിന്നും 1.38 കോടി രൂപമാത്രമാണ് താന്‍ തട്ടിയെടുത്തതെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ കോടികള്‍ തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് കസ്റ്റംസിന്റെ നിഗമനം. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലാവുന്നതിനുമുമ്പ് ഈ പണം ഒളിപ്പിച്ചിരിക്കാനുള്ള സാധ്യതയും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. ഇതിനിടെ സ്വപ്നയുടെ അക്കൗണ്ടിലേക്ക് 1.35 ലക്ഷം ഡോളര്‍ എത്തിയതായി കസ്റ്റംസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനുപുറമേ 50,000 ഡോളര്‍കൂടി തനിക്ക് ലഭിച്ചെന്ന സ്വപ്ന മൊഴിനല്‍കിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷമാണ് യു.എ.ഇ.യിലെ സന്നദ്ധസംഘടന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി 20 കോടി രൂപ ആദ്യഘട്ടമെന്ന നിലയ്ക്ക് നല്‍കിയിരുന്നു. വീടുകളും ചികിത്സാസൗകര്യങ്ങളും ഒരുക്കാനായിരുന്നു ഇത്. ഇതിനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കേരളവും സന്നദ്ധസംഘടനാ പ്രതിനിധികളും ഒപ്പുവെച്ചിരുന്നു. യു.എ.ഇ. കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിയും ചടങ്ങില്‍ പങ്കെടുത്തു.

കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും വിഹിതം കിട്ടിയിരുന്നതായും സ്വപ്ന കസ്റ്റംസിനോടു വെളിപ്പെടുത്തി. യു.എ.ഇ.യുമായി ബന്ധപ്പെട്ട് സഹായം ലഭിക്കാന്‍ എല്ലാവരും സ്വപ്നയെയാണു സമീപിച്ചിരുന്നത്. സഹായനിധികളില്‍നിന്നു സ്വപ്നയ്ക്കും കൂട്ടര്‍ക്കും കൃത്യമായ വിഹിതം വന്നിരുന്നു. നേരത്തേ ഒരുകോടി രൂപയും ഒരുകിലോ സ്വര്‍ണവും സ്വപ്നയുടെ ബാങ്ക് ലോക്കറില്‍നിന്നു കണ്ടെടുത്തിരുന്നു. ഇത് ഈ രീതിയില്‍ കിട്ടിയ പണമാണെന്നാണ് കസ്റ്റംസ് കരുതുന്നത്.

Related Articles

Back to top button