KeralaLatestPathanamthitta

മത്തായിയുടെ മരണം; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

“Manju”

പത്തനംതിട്ട ചിറ്റാർ സ്വദേശി മത്തായിയുടെ മരണത്തിൽ നടപടി. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ് കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
മത്തായിയുടെ മരണത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. വനം വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. ജൂലൈ 28 ന് മരിച്ച മത്തായിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത് 29നാണ്. ജി ഡി രജിസ്റ്ററിൽ കൃതൃമം കാട്ടാൻ ശ്രമം നടന്നതായും റിപ്പോർട്ടിലുണ്ടായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു

ചൊവ്വാഴ്ചയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിലേക്ക് ചാടിയെന്നായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. വനം വകുപ്പിന്റെ ഈ വാദങ്ങൾ ശരിവയ്ക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.മത്തായിയുടെ ശരീരത്തിൽ ബലപ്രയോഗത്തിൻറെ ലക്ഷണങ്ങളില്ല. എന്നാൽ തലയുടെ ഇടത് ഭാഗത്ത് ക്ഷതവും ഇടത് കയ്യുടെ അസ്ഥിക്ക് ഒടിവുമുണ്ട്. മൂക്കിൽ നിന്ന് രക്തം വാർന്നതിന്റെ സൂചനകളുമുണ്ട്. ഇത് കിണറ്റിൽ വീണപ്പോൾ സംഭവിച്ചതെന്നാണ് നിഗമനം. അതേസമയം, മത്തായിയുടെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി ഉണ്ടാകാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നത്.

Related Articles

Back to top button