KeralaLatest

വിവിധ ജീവിത ഭാവങ്ങൾ അഭിനയിച്ച നടന്‍ മുരളി ഓർമ്മയായത് ഇതേ ദിവസം

“Manju”

കൃഷ്ണകുമാര്‍ കെ. കെ.

നടൻ, രാഷ്ട്രീയ പ്രവർത്തകൻ, സാഹിത്യകാരൻ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ ജീവിത ഭാവങ്ങൾ അഭിനയിച്ച മുരളി ഓർമ്മയായത് 2009-ലെ ഇതേ ദിവസമായിരുന്നു. അരങ്ങിൽ നിന്നും വെള്ളിത്തിരക്കു ലഭിച്ച വരദാനമായിരുന്നു മുരളി.1954 മെയ് 25 ന് കൊട്ടാരക്കടുത്ത് കുടവട്ടൂരിൽ ജനിച്ചു. LLB പഠനാർത്ഥം തിരുവനന്തപുരത്തെത്തിയ മുരളി പ്രശസ്തനായ നരേന്ദ്രപ്രസാദുമായി ചേർന്ന് നാടക കളരിയായ നാട്യഗൃഹത്തിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.ആരോഗ്യ വകുപ്പിലും യൂണിവേഴ്സിറ്റിയിലും ഉദ്യോഗസ്ഥനായിരുന്നുവെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ചു.
ഭരത് ഗോപി ,മുരളിയെ നായകനാക്കി ഞാറ്റടി എന്ന ചിത്രം ചെയ്തുവെങ്കിലും അത് പുറത്തിറങ്ങിയില്ല. പിന്നീട് അരവിന്ദന്റെ ചിദംബരം, ലെനിൻ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും ആദ്യം പുറത്തുവന്നത് ഹരിഹരന്റെ പഞ്ചാഗ്നിയായിരുന്നു.2002-ൽ പ്രിയനന്ദന്റെ ആദ്യ സിനിമയായ നെയ്ത്തുകാരനിലൂടെ ഇന്ത്യയിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.മികച്ച നടൻ, സഹനടൻ എന്നീ സംസ്ഥാന പുരസ്കാരങ്ങൾ ഏഴു തവണ ലഭിച്ചിട്ടുണ്ട്.

മുറിപ്പാടുള്ള നെറ്റിയിലെ ചെറിയ ചലനം കൊണ്ട് ക്രൗര്യവും സ്നേഹവും മാറി മാറി പകർത്തുവാൻ മുരളിക്കു കഴിയുമായിരുന്നു.മുഖത്തെ ഛായമഴിച്ചാൽ ഒരു താരത്തിന്റെ നാട്യങ്ങളിലില്ലാത്ത മനുഷ്യനായിരുന്നു മുരളി.ആലപ്പുഴയിൽ നിന്നും ഇടതുമുന്നണി സ്ഥാനാർത്ഥിയായി ലോകസഭയിലേക്കു മൽസരിച്ചുവെങ്കിലും പരാജയപ്പെട്ടു. 2006-ൽ സംഗീത നാടക അക്കാഡമി യുടെ അമരക്കാരനായപ്പോഴാണ് അന്താരാഷ്ട്ര നാടകോൽസവം കേരളത്തിൽ ആരംഭിച്ചത്. പരന്ന വായനയുണ്ടായിരുന്ന മുരളിയുടെ കൃതികൾ അഭിനയത്തിന്റെ രസതന്ത്രം, അഭിനേതാവും ആശാൻ കവിതയും, മൃഗശാലാകഥ, മുരളി മുതൽ മുരളി വരെ എന്നിവയാണ്.

Related Articles

Back to top button