
വി.എം.സുരേഷ് കുമാർ.
വടകര: റേഷന്‍കട വഴി വിതരണം ചെയ്യേണ്ട സപ്ലൈകോ ഭക്ഷ്യധാന്യ കിറ്റുകള്‍ സി.പി.എം വടകര ഏരിയ കമ്മറ്റി ഓഫീസ് കെട്ടിടത്തില്‍ വെച്ച് പാക്ക് ചെയ്തതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് കെ.മുരളീധരന്‍ എംപി.
വടകര ടൗണ്‍ഹാള്‍, സാംസ്‌കാരിക നിലയം, മുന്‍സിപ്പല്‍ പാര്‍ക്ക്, സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂള്‍ ഓഡിറ്റോറിയങ്ങള്‍ ഉള്‍പ്പടെയുള്ള ഒരു പാട് കെട്ടിടങ്ങൾ ഒഴിഞ്ഞ് കിടക്കുമ്പോള്‍ പാര്‍ട്ടി ഓഫീസ് കെട്ടിടത്തില്‍ വെച്ച് പാക്കിംങ്ങ് നടത്തിയത് ദുരൂഹമാണ്.
നാട് മഹാവ്യാധിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിക്കുന്നത്.
ഭക്ഷ്യധാന്യ കിറ്റുകള്‍ പാര്‍ട്ടി ക്രെഡിറ്റിലേക്ക് മാറ്റാനുള്ള നീക്കമാണ് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ പൊളിഞ്ഞത്.
സംഭവത്തില്‍ ഉത്തരവാദികളായ സപ്ലൈകോ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ പാലിച്ച് താലൂക്ക് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നടപടി ധിക്കാരമാണെന്നും കുറ്റക്കാരായ ഉദ്യോസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടകരയിലെ ക്യാമ്പിലേക്ക് മാറ്റിയ നഗരത്തിലെ അഗതികളെ ശുശ്രൂഷിച്ച റെഡ്‌ക്രോസ്, ബ്ലഡ് ഡോണേര്‍സ് സന്നദ്ധ പ്രവര്‍ത്തകരെ അകാരണമായി ഒഴിവാക്കിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധിക്കുന്നു. ക്യാമ്പ് നടത്തിപ്പിലടക്കം സി.പി.എം രാഷ്ട്രീയം കലര്‍ത്തുകയാണ്. 75 അഗതികള്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സമയത്ത് ജീവന്‍ പണയം വെച്ച് ക്യാമ്പില്‍ സന്നദ്ധ സേവനം നടത്തിയവരെയാണ് പുറത്താക്കിയത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെടണമെന്നും എംപി ആവശ്യപ്പെട്ടു.