KeralaLatest

ക്ഷേമപെന്‍ഷനും ജീവനക്കാരുടെ ശമ്പളവും ഓണത്തിനു മുൻപ്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : ജൂലൈ – ഓ​ഗസ്റ്റ് മാസങ്ങളിലെ പെന്‍ഷന്‍ കൂടി ഓണത്തിന്‌ മുൻപ് വിതരണം ചെയ്യാന്‍ ധനവകുപ്പ് തീരുമാനിച്ചു. ജൂലൈയിലെയും ഓ​ഗസ്റ്റിലെയും മുന്‍കൂറായാണ് നല്‍കുക. നിലവില്‍ മെയ്‌, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ്‌ വിതരണം ചെയ്യുന്നത്‌.

70 ലക്ഷത്തോളം പേര്‍ക്ക്‌ കുറഞ്ഞത്‌ 2600 രൂപ വീതമെങ്കിലും ഓണക്കാലത്ത്‌ വീണ്ടും കൈകളിലെത്തും. പെന്‍ഷന്‍ മസ്‌റ്ററിങ്‌ 15 മുതല്‍ തല്‍ക്കാലത്തേ‌ക്ക്‌ നിര്‍ത്തിവയ്‌ക്കാന്‍ ധനവകുപ്പ്‌ നിര്‍ദേശം നല്‍കി. അഞ്ചുമാസത്തെ പെന്‍ഷന്‍ കഴിഞ്ഞ മെയില്‍ വിതരണം ചെയ്‌തിരുന്നു.

ഓണക്കാല ആനുകൂല്യം ഇത്തവണയും തുടരുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ വ്യക്തമാക്കി.

ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും മുൻപ് ലഭിച്ചിരുന്നു. 100 ദിവസം തികച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും 1000 രൂപ വീതം നല്‍കാറുണ്ട്. ഇവയെല്ലാം ഈ കോവിഡ്‌കാല പ്രതിസന്ധിയിലും ഉറപ്പാക്കാനാണ്‌ ശ്രമമെന്നും ധനമന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളവും വിരമിച്ചവര്‍ക്കുള്ള പെന്‍ഷനും തിരുവോണത്തിന് മുൻപ് നല്‍കിയേക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് കഴിഞ്ഞവര്‍ഷത്തേതുപോലെ 4000 രൂപയും ഉത്സവബത്ത 2750 രൂപയും അഡ്വാന്‍സ് 15,000 രൂപയും ആയിരിക്കുമെന്നാണ് സൂചന. ഉത്തരവ് ഈയാഴ്ച പുറത്തിറങ്ങും.

Related Articles

Back to top button