IndiaLatest

വിശ്വാസം കാക്കുമോ സഞ്ജു…

“Manju”

അഹമ്മദാബാദ്: ഐ.പി.എല്ലില്‍ നിര്‍ണായകമായ രണ്ടാമത്തെ ക്വാളിഫയര്‍ പോരാട്ടത്തില്‍ ജയമല്ലാതെ മറ്റൊന്നും സഞ്ജു സാംസന്റെ രാജസ്ഥാനും ഫാഫ് ഡുപ്ലെസിയുടെ ബാംഗ്ലൂരിനും മുന്നിലില്ല.ജയിച്ചാല്‍ ഫൈനലില്‍. തോറ്റാല്‍ നേരെ നാട്ടിലേക്കും. എന്നാല്‍, ഇന്നത്തെ മത്സരത്തില്‍ എല്ലാവരും ഉറ്റുനോക്കുന്ന ഇന്നിങ്‌സുകളിലൊന്ന് സഞ്ജുവിന്റേത് തന്നെയാകും. ടി20 ലോകകപ്പ് സംഘത്തില്‍ കയറണമെങ്കില്‍ ഇന്ന് സെലക്ടര്‍മാരുടെ കണ്ണുതുറപ്പിക്കുന്ന കിടിലന്‍ ഇന്നിങ്‌സ് നിര്‍ബന്ധമാണ്. അതിലേറെ ടീമിന്റെ കിരീടവരള്‍ച്ചയ്ക്ക് അന്ത്യം കുറിക്കാനുള്ള ദൗത്യം സ്വന്തം തലയിലുള്ളതിനാല്‍ മികച്ചൊരു പ്രകടനം തന്നെ സഞ്ജുവിന് ഇന്ന് പുറത്തെടുക്കേണ്ടത് നിര്‍ബന്ധമാണ്.

ടി20 ക്രിക്കറ്റില്‍ സഞ്ജു മോഡല്‍ ഇന്നിങ്സുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ കായികലോകത്ത് സജീവമാണ്. കെ.എല്‍ രാഹുലിനെപ്പോലെ സ്വന്തം സ്‌കോറും റെക്കോര്‍ഡും സ്ഥിരതയും നോക്കി കളിക്കുന്നവര്‍ക്കാണോ, കാത്തിരിപ്പുകളില്ലാതെ ടീമിന്റെ സ്‌കോര്‍വേഗം കൂട്ടുന്ന സഞ്ജുവിനെപ്പോലെയുള്ളവര്‍ക്കാണോ ടി20യില്‍ കൂടുതല്‍ പ്രസക്തി എന്നാണ് ചര്‍ച്ച. വെസ്റ്റിന്‍ഡീസിന് ഒരു മിന്നല്‍ വെടിക്കെട്ടിലൂടെ ലോകകിരീടം സമ്മാനിച്ച കാര്‍ലോസ് ബ്രാത്‌വെയ്റ്റ് സഞ്ജുവിനെക്കുറിച്ച്‌ നടത്തിയ ഒരു അഭിപ്രായ പ്രകടനമാണ് ഇതിനിടയില്‍ ചര്‍ച്ചയാകുകയാണ്.

ടീമിന് പെട്ടെന്ന് കൂടുതല്‍ റണ്‍ വേണ്ട സമയത്ത് വിരാട് കോഹ്ലി എന്ന ഇതിഹാസതാരത്തെക്കാളും താന്‍ തിരഞ്ഞെടുക്കുക സഞ്ജു സാംസണെയായിരിക്കുമെന്നായിരുന്നു ബ്രാത്‌വെയ്റ്റിന്റെ നിരീക്ഷണം. എന്നാല്‍, സ്ഥിരതയുടെ കാര്യത്തിലാണ് ഇരുതാരങ്ങളും വ്യത്യസ്തരാകുന്നതെന്നും ബ്രാത്‌വെയ്റ്റ് ചൂണ്ടിക്കാട്ടി.

Related Articles

Back to top button