IndiaLatest

ഏത് പാർട്ടി ഭരിച്ചാലും നന്നായി ജോലിയെടുക്കുന്നവർക്ക് ബഹുമാനമോ അംഗീകാരമോ ലഭിക്കുന്നില്ല: ഗഡ്കരി

“Manju”

മുംബൈ∙ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന നേതാക്കന്മാരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പ്രത്യയശാസ്ത്രത്തിനുണ്ടാകുന്ന ഈ അപചയം ജനാധിപത്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മികച്ച സംഭാവനകൾ നൽകിയ പാർലമെന്റ് അംഗങ്ങൾക്ക് പുരസ്കാരം നൽകുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഞാൻ തമാശയായി പറയാറുണ്ട്, ഏത് പാർട്ടിയുടെ സർക്കാർ ഭരിച്ചാലും നന്നായി ജോലിയെടുക്കുന്നവർക്ക് ബഹുമാനമോ അംഗീകാരമോ ലഭിക്കുന്നില്ല. അതുപോലെ മോശം പ്രവർത്തനം കാഴ്ച വയ്ക്കുന്നവർ ശിക്ഷിക്കപ്പെടുന്നുമില്ല. സംവാദങ്ങളിലും ചർച്ചകളിലും ഭിന്ന അഭിപ്രായങ്ങൾ ഉയർന്നുവരുന്നതല്ല മറിച്ച് ആശയങ്ങളേ ഉണ്ടാകുന്നില്ല എന്നതാണ് നാം നേരിടുന്ന പ്രശ്നം. ഒരുകാലത്ത് തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്ന നേതാക്കന്മാർ ഉണ്ടായിരുന്നു. ഇന്ന് അത്തരം നേതാക്കന്മാർ കുറഞ്ഞുവരികയാണ്. പ്രത്യയശാസ്ത്രത്തിനുണ്ടാകുന്ന അപചയം ഒരിക്കലും ജനാധിപത്യത്തിന് ഗുണകരമല്ല. വലതുപക്ഷമാകട്ടെ, ഇടതുപക്ഷമാകട്ടെ നമ്മൾ അവസരവാദികളെന്നാണ് അറിയപ്പെടുന്നത്. ചിലർ അങ്ങനെയാണ് എഴുതുന്നത്. എല്ലാവരും ഭരണകക്ഷിയുമായി ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നു’’ ഗഡ്കരി പറഞ്ഞു.

ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് വിശേഷിപ്പിച്ച ഗഡ്കരി, മോദി അഭിപ്രായപ്പെട്ടതുപോലെ ഇന്ത്യജനാധിപത്യത്തിന്റെ മാതാവാണെന്നും കൂട്ടിച്ചേർത്തു. ലോകത്തിന് മുഴുവൻ ഇന്ത്യ പിന്തുടരുന്ന ജനാധിപത്യരീതികൾ ഒരു രാഷ്ട്രീയ പ്രവർത്തകനെ സംബന്ധിച്ചിടത്തോളം പ്രശസ്തിയേക്കാൾ പ്രധാനം ജനസേവനമാണെന്നും അദ്ദേഹം പറഞ്ഞു.
‘‘രാഷ്ട്രീയക്കാർ വരികയും പോവുകയും ചെയ്യും. സ്വന്തം മണ്ഡലത്തിൽ ജനങ്ങൾക്ക് വേണ്ടി അവർചെയ്ത പ്രവൃത്തികളായിരിക്കും എന്നും നിലനിൽ‌ക്കുക. അതായിരിക്കും അവർക്ക് ബഹുമാനവും അംഗീകാരവും നേടിക്കൊടുക്കുക. പ്രശസ്തി ആവശ്യമാണ്. പാർലമെന്റിൽ എന്ത് പ്രസംഗിച്ചു എന്നതിനേക്കാൾ ജനങ്ങൾക്ക് വേണ്ടി എന്തുചെയ്തു എന്നതാണ് പ്രധാനം.’’ ഗഡ്കരി പറഞ്ഞു.

ലോക്സഭാംഗമായ ശശി തരൂർ, സംസിത് പത്ര, രാജ്യസഭാംഗമായ ജോൺ ബ്രിട്ടാസ്, ഡാനിഷ് അലി എന്നിവർക്കാണ് മികച്ച പാർലമെന്റ് അംഗങ്ങൾക്കുള്ള പുരസ്കാരം ലഭിച്ചത്. ബിജെപി എം.പി.മേനക ഗാന്ധി, സമാജ്‌വാദി പാർട്ടി എംപി രാം ഗോപാൽ യാദവ് എന്നിവർക്ക് ആജീവനാന്ത സംഭാവനകൾക്കുള്ള പുരസ്കാരവും നൽകി.

Related Articles

Back to top button