KeralaKottayamLatest

അടിമുടി ലഹരിയിൽ കുളിച്ച് കോട്ടയം

“Manju”

ലഹരി ഉൽപന്നങ്ങൾ ഉപയോഗിച്ചതിനു ശേഷം വെട്ടിമുകളിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ 5 അംഗ സംഘം ഹോട്ടൽ ഉടമയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടതു 2 മാസം മുൻപാണ്. ആളു കൂടിയതോടെ ഭീഷണി മുഴക്കിയതിനു ശേഷം കടയിൽ നിന്നു പോയ ഇവർ അധികം വൈകാതെ കൂട്ടുകാരുമായി തിരിച്ചെത്തി ഹോട്ടൽ അടിച്ചുതകർത്തു. കാപ്പ ഉൾപ്പെടെയുള്ള വകുപ്പുകളിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള 10 പേരെ ഏറ്റുമാനൂർ പൊലീസ് ഉടൻ അറസ്റ്റ് ചെയ്തതു കൊണ്ട് പ്രദേശത്തു വൻസംഘർഷം ഒഴിവായി.

കുടമാളൂർ, കുടയംപടി, ആർപ്പൂക്കര, സംക്രാന്തി, ഏറ്റുമാനൂർ മേഖലയിലെ ഒട്ടേറെ കൗമാരക്കാര്‍ ഇത്തരത്തിൽ ലഹരിമരുന്നു വിൽപനസംഘങ്ങളുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നു. കയ്യേറ്റം ഭയന്നു പരിസരവാസികൾ പലപ്പോഴും ഇവരുടെ ചെയ്തികൾ കണ്ടില്ലെന്നു നടിക്കുന്നു. ഷോറൂമുകളിൽ നിന്നു നാമമാത്ര തുക അടച്ചു സ്വന്തമാക്കുന്ന സ്പോർട്സ് ബൈക്കുകളിലാണ് ഇത്തരക്കാരുടെ കറക്കം. വാഹനത്തിന്റെ മാസവരി അടയ്ക്കുന്നതിനും ഒപ്പം ആഡംബര ജീവിതം നയിക്കുന്നതിനുമുള്ള തുക ഒത്തുകിട്ടുന്നതോടെ ലഹരിയുടെ വഴിയിലേക്കു തിരിയുന്ന കുട്ടികൾ ഇതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ തിരിച്ചറിയുന്നില്ല.

കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ ആവശ്യക്കാരന് ആവശ്യമുള്ള സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന ഇവർ വ്യാപക തോതിൽ ഇത് ഉപയോഗിക്കുകയും ചെയ്യുന്നു. ജില്ലയിലെ ക്വട്ടേഷൻ നേതാക്കൾ നേതൃത്വം നൽകുന്ന വിപുലമായ ലഹരിവിപണന ശൃംഖലയുടെ ഭാഗമാകാൻ ലഭിക്കുന്ന അവസരമായാണു പലരും ഇതിനെ കാണുന്നത്. നിരോധിത പുകയില ഉൽപന്നങ്ങൾ മുതൽ കഞ്ചാവു വരെ വിതരണം ചെയ്യുന്ന സംഘങ്ങളിൽ 18 വയസ്സിൽ താഴെയുള്ളവർ പോലും ഉൾപ്പെട്ടിട്ടുണ്ടെന്നാണു വിവരം.

Related Articles

Back to top button