KeralaLatest

കാട്ടുപന്നികളെ വെടിവെയ്ക്കാനുള്ള ഉത്തരവ് ജില്ലയിൽ നടപ്പാക്കിത്തുടങ്ങി: കർഷകർക്ക് ആശ്വാസം

“Manju”

എസ് സേതുനാഥ്

കൃഷിയിടങ്ങളില്‍ വ്യാപകകൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലുന്നതിനുള്ള വനംവകുപ്പിൻ്റെ ഉത്തരവ് തിരുവനന്തപുരം ജില്ലയിലെ വിതുര പഞ്ചായത്തില്‍ നടപ്പിലാക്കി. സർക്കാർ ഉത്തരവിലെ ചില വ്യവസ്ഥകളും മാനദണ്ഡങ്ങളും അപ്രായോഗികമാണെന്ന വാദങ്ങൾ ഇതോടെ അപ്രസക്തമായി.

കാർഷിക വിളകൾക്കും കര്‍ഷകരുടെ ജീവനും ഭീഷണിയായി മാറിയ രണ്ടു കാട്ടുപന്നികളെയാണ് പഞ്ചായത്തിലെ കൊപ്പം, പൊന്നാം ചുണ്ട് എന്നീ സ്ഥലങ്ങളിൽ
വനംവകുപ്പ് അധികൃതര്‍ വെടിവെച്ചു കൊന്നത്. വിതുര ജനജാഗ്രതാ സമിതിയുടെ നിര്‍ദ്ദേശപ്രകാരം തിരു. ഡി എഫ് ഒ നല്‍കിയ ഉത്തരവിലാണ് നടപടി.

റോയി, വിപിന്‍കുമാര്‍ എന്നിവരുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നികളെയാണ് വെടിവെച്ചുകൊന്നത്. പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കൊപ്പം, പൊന്നാം ചുണ്ട്, ചിറ്റാര്‍, ശിവന്‍കോവില്‍ എന്നിവിടങ്ങളില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്ന് ജാഗ്രതാ സമിതി വിലയിരുത്തിയിരുന്നു. കാട്ടു പന്നികളുടെ ആക്രമണം ഭയന്ന് കൃഷി ഭൂമി തരിശിടേണ്ട ഗതികേടിലായിരുന്നു കര്‍ഷകര്‍ എന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ ഐ പ്രദീപ് കുമാര്‍ പറഞ്ഞു. കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിന് ഡോ. ഷംനാദ് എം റഹിം, അനി എം, അനിരുദ്ധ് കൗശിക്, കെ.സുരേന്ദ്രന്‍ , കെ.രവീന്ദ്രന്‍നായര്‍ എന്നിവരടങ്ങിയ അഞ്ചംഗ സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഡി.കെ.മുരളി എം എല്‍ എയുടെ സാന്നിധ്യത്തില്‍ കൂടിയ പുല്ലമ്പാറ പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ ശുപാര്‍ശപ്രകാരം പന്തപ്ലാവിക്കോണം, മുത്തിപ്പാറ, പാണയം,മുക്കുടില്‍,മാങ്കുഴി വാര്‍ഡുകളില്‍ കൃഷി നാശം വരുത്തുന്ന കാട്ടുപന്നികളെ കണ്ടെത്തി വെടിവെച്ചുകൊല്ലുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. അമ്പൂരി പഞ്ചായത്തിലെ ചില പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തില്‍ സമാന ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ മഹസ്സര്‍ തയ്യാറാക്കി പന്നികളുടെ ജഡം മറവു ചെയ്തതായും ഡി എഫ് ഒ അറിയിച്ചു.

Related Articles

Back to top button