KeralaKottayamLatest

കാരുണ്യത്തിന്റെ മറവിൽ കടത്തുന്നത് കഞ്ചാവ്

“Manju”

ഞങ്ങൾ പഴയ ഗുണ്ടകളാണ്. കോവിഡ് കാലമല്ലേ.. നിങ്ങളെയൊക്കെ സഹായിച്ചുകളയാമെന്നു വച്ചു – ലോക്ഡൗൺ സമയത്ത് ഈ ആമുഖവുമായി നിങ്ങളിൽ ചിലരെയെങ്കിലും ഒരു സംഘം ആളുകൾ സമീപിച്ചിരിക്കും. ഗുണ്ടാ നേതാവും കഞ്ചാവ് ഇടപാടുകാരനുമായ ജെയിസ്മോൻ ജേക്കബ് എന്ന അലോട്ടി, അരുൺ ഗോപൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോട്ടയം– ഏറ്റുമാനൂർ മേഖലയിലെ കാരുണ്യ പ്രവർത്തനം.

വയോധികരും ശാരീരിക അവശതയുള്ളവരും താമസിച്ചിരുന്ന വീടുകളിൽ അരിയും പച്ചക്കറിയും ഉൾപ്പെടെ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുകയുമാണു പ്രധാനമായും ചെയ്തത്. ഇതുസംബന്ധിച്ച ചിത്രങ്ങൾ ഇവർ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.ക്വട്ടേഷൻ ജോലികളിലൂടെയും മറ്റും അധികമായി ലഭിച്ച പണത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവർക്കു നൽകുകയാണെന്നും സംഘാംഗങ്ങളിൽ ചിലർ അടുത്ത സുഹൃത്തുക്കളോടു വീമ്പു പറഞ്ഞു.
ഭരണകൂടവും പൊലീസുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിനുള്ള മറ മാത്രമായിരുന്നില്ല ഇത്. കാരുണ്യ പ്രവർ‌ത്തനങ്ങൾക്കായുള്ള സാധനങ്ങൾ‌ കൊണ്ടുവരുന്ന വാഹനങ്ങൾ സാധാരണ പൊലീസ് പരിശോധിക്കാറില്ല. ഇത്തരം വാഹനങ്ങൾ കഞ്ചാവ് അടക്കമുള്ള വസ്തുക്കൾ വിതരണം ചെയ്യാൻ സംഘാംഗങ്ങൾ ഉപയോഗിക്കാൻ ഇടയുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്കു റിപ്പോർട്ടു നൽ‌കി. പിന്നാലെ ഏറ്റുമാനൂർ സ്റ്റേഷനിൽ വിളിച്ചു താക്കീതു ചെയ്തതോടെ പ്രവർത്തനങ്ങൾക്ക് അവസാനമായി.

ഇതിനു പിന്നാലെയാണു സിബിഎസ്ഇ പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 65 കിലോ കഞ്ചാവ് എംസി റോഡിൽ പാറോലിക്കലിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. അലോട്ടി അടക്കമുള്ളവർക്കു കൈമാറാനാണ് ഇത് എത്തിച്ചതെന്നു പൊലീസ് പറഞ്ഞു. ലോറിയിൽ കടത്തിക്കൊണ്ടുവന്ന 60 കിലോ കഞ്ചാവിനായി പണം നൽകിയെന്ന കേസിൽ ഒരു മാസത്തിനകം കടുത്തുരുത്തിയിൽ നിന്ന് അലോട്ടി തന്നെ അറസ്റ്റിലായി.

 

Related Articles

Back to top button