KeralaLatest

ആംബുലൻസ് പീഡനം: നൗഫലിനെ ജോലിക്കു വച്ചത് പൊലീസ് റിപ്പോർട്ട് കിട്ടാതെ

“Manju”

പത്തനംതിട്ട • കോവിഡ് പോസിറ്റീവായ പെൺകുട്ടിയെ ആംബുലൻസിൽ ‍പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ ഡ്രൈവർ നൗഫലിന് മറ്റ് ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷണം. അടൂരിലെത്തിയ ശേഷം നൗഫൽ ഓടിച്ച ആംബുലൻസിലേക്ക് പെൺകുട്ടിയെ മാറ്റാനും അർധരാത്രിയിൽ വിജനമായ സ്ഥലത്തെത്തിക്കാനും സഹായം ലഭിച്ചിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.

പ്രതി സ്വകാര്യ കമ്പനിയിൽ ജോലിക്ക് കയറുമ്പോൾ ലൈസൻസ്, മെഡിക്കൽ ഫിറ്റ്നസ് രേഖകൾ എന്നിവ മാത്രമാണ് നൽകിയിരുന്നത്. പൊലീസ് ക്ലിയറൻസ് രേഖ കമ്പനി പലവട്ടം ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയില്ല. ഇതിനായി കായംകുളത്ത് അപേക്ഷ നൽകിയെങ്കിലും സ്റ്റേഷനിൽ നിന്ന് രേഖ നൽകിയില്ല. വധശ്രമക്കേസിൽ പ്രതിയായതു കൊണ്ടാണ് രേഖ നൽകാതിരുന്നതെന്നാണ് വിവരം. എന്നാൽ ഈ രേഖ ഹാജരാക്കാതിരുന്നിട്ടും ഇയാൾക്ക് ജോലി ലഭിച്ചതെങ്ങനെയെന്നു പൊലീസ് അന്വേഷിക്കും.

ജില്ലയിൽ 108 ആംബുലൻസുകളുടെ തുടക്കം മുതൽ ഇയാൾ ജോലി ചെയ്തിരുന്നു. റാന്നിയിലാണ് ആദ്യം ജോലി ചെയ്തിരുന്നത്. ഒരു മാസം മുൻപാണ് അടൂരിലേക്കു മാറിയത്. പ്രതിക്ക് മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പ്രതിയുടെ കോവിഡ് പരിശോധനാ ഫലം ലഭിക്കുന്ന മുറയ്ക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ഇയാളുടെ ഡ്രൈവിങ് ലൈസൻസ് മോട്ടർ വാഹന വകുപ്പ് റദ്ദാക്കി. ജൂഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ പ്രതിക്ക് നോട്ടിസ് നൽകാൻ കഴിഞ്ഞില്ലെങ്കിലും കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് ലൈസൻസ് റദ്ദാക്കുകയായിരുന്നെന്ന് ആർടിഒ ജിജി ജോർജ് പറഞ്ഞു.

Related Articles

Back to top button