KeralaLatest

റംസിയുടെ മരണം: അന്വേഷണം സീരിയൽ നടിയിലേക്കും

“Manju”

കൊട്ടിയം • വിവാഹത്തിൽ നിന്നു പിന്മാറിയതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പ്രതിയുടെ മാതാപിതാക്കളിലേക്കും സീരിയൽ നടിയായ സഹോദര ഭാര്യയിലേക്കും. വിവാഹം ഉറപ്പിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത ശേഷം വാഗ്ദാന ലംഘനം നടത്തുകയും റംസി(24) യെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയും ചെയ്ത കേസിൽ പ്രമുഖ സീരിയൽ നടിയുടെ പങ്ക് അന്വേഷിക്കണമെന്ന് റംസിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. കേസിൽ പ്രധാന പ്രതി പള്ളിമുക്ക് ഇക്ബാൽ നഗർ 155 ഹാരീസ് മൻസിലിൽ ഹാരീസി(26)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സീരിയൽ നടിയുടെ ഗൂഢാലോചനയാണ് ഹാരീസിൽ നിന്ന് ഗർഭിണിയായ റംസിയെ നിർബന്ധിത ഗര്‍ഭച്ഛിദ്രത്തിനു വിധേയമാക്കിയതെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ നടിയെ ചോദ്യം ചെയ്തതായും പ്രാഥമിക പരിശോധനയ്ക്കായി നടി ഉൾപ്പെടെയുള്ള പ്രതിയുടെ കുടുംബാംഗങ്ങളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിട്ടുണ്ടെന്നും കൊട്ടിയം എസ്ഐ അമൽ പറഞ്ഞു. വരും ദിവസങ്ങളിൽ നടിയെ വിശദമായി ചോദ്യം ചെയ്യുമെന്നും കൊട്ടിയം എസ്ഐ പറഞ്ഞു.

റംസിയുടെ മരണത്തിൽ ഹാരീസിന്റെ സഹോദര ഭാര്യയായ സീരിയൽ നടിയെയും ഹാരീസിന്റെ കുടുംബത്തെയും പ്രതി ചേർക്കണമെന്ന് റംസിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഷൂട്ടിങ്ങിനായി പോകുമ്പോൾ പലപ്പോഴും റംസിയെയും നടി കൂടെ കൂട്ടുമായിരുന്നു. കുഞ്ഞിനെ നോക്കണമെന്നും കൂട്ടിനാണെന്നും പറഞ്ഞാണ് കൊണ്ടു പോകുക. ദിവസങ്ങൾക്കു ശേഷം ഹാരീസിനൊപ്പമാണ് പറഞ്ഞയ്ക്കുക. ഗര്‍ഭച്ഛിദ്രം നടത്താൻ അവളെ കൊണ്ടുപോയത് സീരിയൽ നടിയാണ്. അവരെ പൊലീസ് ചോദ്യം ചെയ്യണം– റംസിയുടെ പിതാവ് പറഞ്ഞു.

ആത്മഹത്യയ്ക്ക് മുൻപ് റംസി പ്രതി ഹാരീസ്, ഹാരീസിന്റെ മാതാവ് ആരിഫ എന്നിവരുമായി സംസാരിച്ചിരുന്നു. ആരിഫയെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. റംസിയുടെ ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഹാരീസിനു മറ്റൊരു വിവാഹാലോചന വന്നതോടെ മകളെ ഒഴിവാക്കുകയായിരുന്നെന്നാണു റംസിയുടെ മാതാപിതാക്കളുടെ ആരോപണം.

ഹാരീസിനെ അല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിയിലായിരുന്നു റംസി. ഇതു സംബന്ധിച്ചു റംസിയും ഹാരീസും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ റംസി ബ്ലേഡ് കൊണ്ടു കൈ മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതിന്റെ ചിത്രം സമൂഹമാധ്യമത്തിലൂടെ ഹാരീസിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരീസിന്റെ അമ്മയെ റംസി വിളിച്ചിരുന്നു. തുടർന്നായിരുന്നു മരണം. കൊട്ടിയം ഇൻസ്പെക്ടർ കെ.ദിലീഷ്, എസ്ഐ അമൽ സി. എന്നിവരുടെ നേതൃത്വത്തിലാണ് ഹാരീസിനെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button