കോഴിക്കോട്: കോടഞ്ചേരിയിൽ ലോറിയിൽ കയറ്റിയ വൈക്കോൽ കെട്ടിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം. വയനാട്ടിൽ നിന്ന് വൈക്കോലുമായി എത്തിയ ലോറിയാണ് അപകടത്തിൽ പെട്ടത്. വൈദ്യുത കമ്പിയിൽ തട്ടിയാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരുടെ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്.
കോടഞ്ചേരി ടൗണിനോട് 200 മീറ്റർ അടുത്ത് എത്തിയപ്പോൾ വൈക്കോലിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയിൽപെടുകയായിരുന്നു. പരിഭ്രാന്തനായ ഡ്രൈവർ ടൗണിൽ തന്നെ വണ്ടി നിർത്തി ഓടിരക്ഷപ്പെട്ടു. സംഭവം കണ്ടു നിന്ന നാട്ടുകാരനായ ഷാജി ലോറിയിൽ ചാടിക്കയറുകയും വാഹനം തൊട്ടടുത്ത സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഗ്രൗണ്ടിലേയ്ക്ക് ഓടിച്ച് കയറ്റുകയും ചെയ്തു. ഗ്രൗണ്ടിൽ പ്രവേശിപ്പിച്ച വാഹനം ചുറ്റിക്കറക്കിയതോടെ തീപിടിച്ച വൈക്കോൽ കെട്ടുകളെല്ലാം ഗ്രൗണ്ടിൽ വീണു വൻ അപകടം ഒഴിവായി.
പിന്നീട് നാട്ടുകാരെത്തി തീപിടിക്കാത്ത വൈക്കോൽ കെട്ടുകൾ മാറ്റി. മുക്കത്ത് നിന്ന് അഗ്നിശമന സേന എത്തി തീ പെട്ടെന്ന് അണച്ചു. ഇതോടെ ലോറിയിലേയ്ക്ക് തീപടർന്നില്ല.