Uncategorized

ആരോഗ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ശുചീകരണ തൊഴിലാളികൾ

“Manju”

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ 103 ദിവസമായി സമരത്തിലാണ്. തൊഴിലാളികളുടെ നിവേദനം വാങ്ങാൻ മന്ത്രി തയ്യാറായില്ല. തുടർന്ന് മന്ത്രിയുടെ വാഹനം തടഞ്ഞായിരുന്നു പ്രതിഷേധം.

പൂർത്തിയായ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ നേരിൽ കണ്ട് പരാതി പറയാൻ ശ്രമിച്ച തൊഴിലാളികളെ പോലീസ് മെഡിക്കൽ കോളേജ് ഗേറ്റിൽ തടഞ്ഞു. ഉദ്ഘാടനം കഴിഞ്ഞു മടങ്ങുന്നതിനു മുൻപ് നിവേദനം കൈമാറാൻ സമ്മതിക്കണമെന്നെ ആവശ്യമായി നിലയുറപ്പിച്ച നാൽപ്പതോളം തൊഴിലാളികളെ കൂടുതൽ പോലീസിനെ വിന്യസിച്ചു നേരിടുകയായിരുന്നു. മന്ത്രിയെ നേരിൽ കണ്ട് നിവേദനം കൈമാറുക മാത്രമേ വേണ്ടുവെന്നും തടയരുതെന്നും പല തവണ അവർത്തിച്ചിട്ടും  മന്ത്രിയെ കാണാൻ അനുവാദം ലഭിച്ചില്ല.

ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി കാറിൽ കയറാനായി എത്തിയപ്പോഴും സ്ത്രീകളടക്കമുള്ള തൊഴിലാളികൾ ആർത്തു വിളിച്ചു കൊണ്ട് മന്ത്രിയുടെ കരുണയ്ക്കായി കേഴുന്നുണ്ടായിരുന്നു. ഇവരെ കണ്ടെങ്കിലും മന്ത്രി അഭ്യർത്ഥന അവഗണിച്ചു കൊണ്ട് കാറിൽ കയറി മുന്നോട്ട് നീങ്ങി. തുടർന്ന് തൊഴിലാളികൾ മന്ത്രി വാഹനത്തിന് അകമ്പടി സേവിച്ച പോലീസ് വാഹനത്തിനും മന്ത്രിയുടെ  കാറിനും മുന്നിൽ കിടന്നു പ്രതിഷേധിക്കുയായിരുന്നു. സ്ത്രീകളെയടക്കം പുരുഷ പോലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. ഇതിനിടെ സമരക്കാരിൽ ഒരാൾ കുഴഞ്ഞു വീണത് ആശങ്കയ്ക്കിടയാക്കി.

 

Related Articles

Back to top button