IndiaKeralaLatestThiruvananthapuram

സംസ്ഥാനത്ത് വീണ്ടും സാലറികട്ട്

“Manju”

സിന്ധുമോള്‍ ആര്‍​

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സാലറികട്ട്. ഈ മാസം മുതല്‍ ആറു മാസത്തേക്കു കൂടി അഞ്ചു ദിവസത്തെ ശമ്പളം വീതം മാറ്റിവയ്ക്കുന്നതിന് തയാറാകണമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിഷേധം ഉയര്‍ന്നതോടെ സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ നിന്നും ധനമന്ത്രി പിന്മാറി. സാലറി കട്ടിനുള്ള നിലവിലുള്ള ഓര്‍ഡിനന്‍സ് നീട്ടും. ശമ്പളം പിടിക്കാനുള്ള ഉത്തരവ് നാളെ ഇറക്കും.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് സംഘടനകളുടെ ഓണ്‍ലൈന്‍ യോഗം ധനമന്ത്രി വിളിപ്പിച്ചത്. ഇതുവരെ പിടിച്ച തുക ഒന്‍പതു ശതമാനം പലിശ സഹിതം പിഎഫില്‍ ലയിപ്പിക്കുമെന്ന് വ്യക്തമാക്കി. അതിനുശേഷമാണ് പുതിയ നീക്കം അറിയിച്ചത്. ആറ് മാസം കൊണ്ട് ഒരുമാസത്തെ ശമ്പളം പിടിക്കാനുള്ള ഉത്തരവും നേരത്തെയുള്ള ഓര്‍ഡിനന്‍സ് നീട്ടാനുള്ള ഉത്തരവും ഉടന്‍ ഇറക്കുമെന്നും ധനമന്ത്രി ഏകപക്ഷീയമായി അറിയിച്ചു. സംഘടനകളുടെ അഭിപ്രായം നാളെത്തന്നെ എഴുതി നല്‍കണമെന്നും നിര്‍ദേശിച്ചു.
ഇതോടെ ഫെറ്റോ(ഫെഡറേഷന്‍ ഓഫ് എംപ്ലോയിസ് ആന്‍ഡ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സ്) അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തി. നിയമപരമായി നേരിടുമെന്ന് മുന്നറിയിപ്പ് നല്‍കി. അതേസമയം ഭരണാനുകൂല സംഘടനകള്‍ സ്വാഗതം ചെയ്തു. ഇതോടെ സംഘടനകള്‍ തമ്മില്‍ വാക്കേറ്റത്തിലെത്തി. തുടര്‍ന്ന് ധനമന്ത്രി യോഗത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
4,83,733 സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നാണ് ശമ്പളം പിടിക്കുന്നത്. ഇവരില്‍ നിന്നും ഒരുമാസത്തെ ശമ്പളം പിടിച്ചു തീരുമ്പോള്‍ 2500 കോടി സര്‍ക്കാരിന് ലഭിക്കുമെന്നാണ് കണക്ക്. നേരത്തെ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ചുമാസം പിടിക്കാനായിരുന്നു തീരുമാനം. ഇപ്പോള്‍ അഞ്ച് ദിവസത്തെ ശമ്പളം വീതം ആറ് മാസം പിടിക്കാനാണ് തീരുമാനം. 20000ല്‍ താഴെ ശമ്പളം വാങ്ങുന്നവരെ സാലറികട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Back to top button