IndiaLatest

എസ്പിബി ഇനി ഓർമകളുടെ താരാപഥത്തിലെ ചേതോഹര നക്ഷത്രം

“Manju”

ചെന്നൈ• പതിനായിരക്കണക്കിനു ഗാനങ്ങളായി ഹൃദയങ്ങളെ തൊട്ട മഹാഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം, അടുത്ത പാട്ട് റിക്കോർഡിങ്ങിനു പുറപ്പെടാനെന്ന പോലെ ശാന്തനായി കിടന്നു. നെറ്റിയിൽ ഭസ്മം, വെളുത്ത വേഷ്ടി, അരക്കയ്യൻ കുപ്പായം. ഭാര്യ സാവിത്രി ആ കവിളിൽ തൊട്ടുകൊണ്ടു കണ്ണീരോടെ നിന്നു. മകൻ എസ്പിബി ചരണും മകൾ പല്ലവിയും ബന്ധുക്കളും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി ചുറ്റും. ഗായകൻ മനോയും സംവിധായകൻ ഭാരതി രാജയും പൊട്ടിക്കരഞ്ഞു. നടൻ വിജയ് ഉൾപ്പെടെയുള്ള താരങ്ങൾ ഓർമകളിൽ നിശ്ശബ്ദരായി; ആരാധകർ ഉറക്കെത്തേങ്ങി. ശോകഗാനത്തിനു പശ്ചാത്തല സംഗീതമെന്നപോലെ ആകാശം മൂടിക്കെട്ടി നിന്നു. തിരുവള്ളൂർ റെഡ്ഹിൽസ് താമരൈപ്പാക്കത്തെ എസ്പിബിയുടെ ഫാം ഹൗസിൽ ഔദ്യോഗിക ബഹുമതികളോടെ നടന്ന ചടങ്ങിൽ മകൻ അന്ത്യകർമങ്ങൾ നിർവഹിച്ചു.

ഒടുവിൽ, ‘നടന്താൽ ഇരണ്ടടി, ഇരുന്താൽ നാങ്ങടി, പടുത്താൽ ആറടി പോതു’മെന്നു പാടിയ, ശാരീരം കൊണ്ടു തലമുറകളെ മോഹിപ്പിച്ച ശരീരം ആറടി മണ്ണേറ്റുവാങ്ങി. എസ്പിബി ഇനി ഓർമകളുടെ താരാപഥത്തിലെ ചേതോഹര നക്ഷത്രം.

പ്രിയ ഗായകന്റെ മരണം അറിഞ്ഞതു മുതൽ ഒരു നോക്കുകാണാനുള്ള വെമ്പലിലായിരുന്നു ആരാധകർ. കോവിഡ് ചട്ടങ്ങൾക്കിടയിലും ആയിരങ്ങൾ വീട്ടിലേക്ക് ഒഴുകി. തിരക്ക് ക്രമാതീതമായതോടെ സർക്കാരിന്റെ അഭ്യർഥന മാനിച്ച്, വെള്ളിയാഴ്ച രാത്രി തന്നെ മൃതദേഹം താമരൈപ്പാക്കത്തേക്കു മാറ്റി. ഇതോടെ അവസാന യാത്രയെങ്കിലും കാണാൻ വീഥിയുടെ ഇരുവശവും ആരാധകർ നിറഞ്ഞു. ചിലർ പാട്ടുപാടി, ചിലർ പൊട്ടിക്കരഞ്ഞു, ചിലർ പൂക്കൾ വിതറി.

താമരൈപ്പാക്കത്തു പൊതുദർശനം വേണ്ടെന്ന ആദ്യ തീരുമാനം, രാവിലെ മുതൽ ആയിരങ്ങൾ എത്തിയതോടെ മാറ്റി. ദേശങ്ങളെ സംഗീതമെന്ന ഒറ്റ ഭാഷയിൽ ബന്ധിപ്പിച്ച അദ്ദേഹത്തെ കാണാൻ മലയാളികളും തമിഴരും തെലുങ്കരും ഉത്തരേന്ത്യക്കാരും കൂട്ടമായെത്തി. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ എസ്പിബിയുടെ ചിത്രത്തിനു മുന്നിൽ വിളക്കു തെളിഞ്ഞു. തന്റെ ഹിറ്റ് ഈണങ്ങൾക്കു സ്വരമായ പ്രിയകൂട്ടുകാരനുവേണ്ടി തിരുവിണ്ണാമല ക്ഷേത്രത്തിൽ മോക്ഷദീപം തെളിയിക്കുകയായിരുന്നു അപ്പോൾ സംഗീത സംവിധായകൻ ഇളയരാജ. എസ്പിബി മാനസഗുരുവായി കണ്ട യേശുദാസ് വികാരനിർഭരമായ വിഡിയോ സന്ദേശത്തിലൂടെ വിടചൊല്ലി.

പത്തരയോടെ തുടങ്ങിയ വൈദിക വിധി പ്രകാരമുള്ള അന്ത്യകർമങ്ങൾ പൂർത്തിയായപ്പോൾ ഒരുമണി. അപ്പോഴും, കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിൽ നിന്ന് ആ പാട്ടുകൾ ഉയരുന്നുണ്ടായിരുന്നു- എന്തൻ മൂച്ചും ഇന്തൈ പാട്ടും അണൈയാ വിളക്കേ…; അതെ, ആ ഓർമകളും.

Related Articles

Back to top button