IndiaLatest

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പുനരുജ്ജീവിപ്പിക്കും

“Manju”

ന്യൂഡല്‍ഹി: ഹിന്ദിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കാനുള്ള മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ സംരംഭത്തെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ബൃഹത്തായ മാറ്റത്തിന് തയ്യാറെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹിന്ദിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം യാഥാര്‍ത്ഥ്യമാകുന്നതോടെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് ഉപകാരപ്പെടുന്നതെന്നും അവസരങ്ങളും വര്‍ദ്ധിക്കുമെന്നും മോദി വ്യക്തമാക്കി.

രാജ്യത്തെ ആദ്യ ഹിന്ദി എംബിബിഎസ് പാഠ പുസ്തക പ്രകാശനം കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വഹിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള മൂന്ന് പുസ്തകങ്ങളാണ് ഹിന്ദിയില്‍ അവതരിപ്പിച്ചത്. ബയോകെമിസ്ട്രി, അനാട്ടമി, മെഡിക്കല്‍ ഫിസിയോളജി എന്നിവയുടെ പുസ്തകങ്ങളാണ് ഹിന്ദിയില്‍ അവതരിപ്പിച്ചത്.

ചരിത്രത്തിലെ സുപ്രധാന ദിനമെന്നും ഭാവിയില്‍ ചരിത്രമെഴുതുമ്പോള്‍ ഈ ദിനവും എഴുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഹിന്ദിയില്‍ മെഡിക്കല്‍ പഠനം ആരംഭിച്ച്‌ പ്രധാനമന്ത്രി മോദിയുടെ സ്വപ്നം സാക്ഷാത്കരിച്ചതില്‍ അഭിമാനമുണ്ടെന്ന് ഭോപ്പാലില്‍ നടന്ന പരിപാടിയില്‍ അമിത് ഷാ പറഞ്ഞു. ഈ നിമിഷം രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രിയോട് നന്ദി പറയുന്നതായും പ്രകാശന ചടങ്ങില്‍ അമിത് ഷാ വ്യക്തമാക്കി.

Related Articles

Back to top button