IndiaLatest

ലഹരിമരുന്ന് കേസ്; ദീപിക പദുകോൺ അടക്കം ഏഴ് പേരുടെ മൊബൈൽ ഫോണുകൾ പിടിചെടുത്തു

“Manju”

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ബോളിവുഡ് നടി ദീപിക പദുകോൺ അടക്കം ഏഴ് പേരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടേതാണ് നടപടി. മൊബൈൽ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. അതേസമയം, സംവിധായകൻ കരൺ ജോഹറിന്റെ ജീവനക്കാരൻ ക്ഷിതിജ് പ്രസാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്യലിന് വിധേയരായ ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ഫാഷൻ ഡിസൈനർ സിമോൺ ഖംബാട്ട, ദീപികയുടെ മാനേജർ കരിഷ്മ പ്രകാശ്, സുശാന്തിന്റെ ടാലന്റ് മാനേജർ ജയാ സാഹ എന്നിവരുടെ മൊബൈൽ ഫോണുകളാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണസംഘം പിടിച്ചെടുത്തത്. ലഹരി ഇടപാട് ആരോപണമുയർന്ന വാട്‌സ് ആപ്പ് ചാറ്റുകളിൽ ശാസ്ത്രീയ പരിശോധന നടത്തുകയാണ് ലക്ഷ്യം. മൊഴികളിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷം ദീപിക പദുകോൺ അടക്കമുള്ളവരെ വീണ്ടും വിളിച്ചുവരുത്തണമോയെന്ന് അന്വേഷണസംഘം തീരുമാനമെടുക്കും.

അതേസമയം, നാല് മുൻനിര ബോളിവുഡ് താരങ്ങൾക്ക് ലഹരിമരുന്ന് എത്തിച്ചുകൊടുത്തതായി അറസ്റ്റിലായ ക്ഷിതിജ് പ്രസാദ് അന്വേഷണസംഘത്തിന് മൊഴി നൽകിയെന്നാണ് റിപ്പോർട്ടുകൾ. സംവിധായകൻ കരൺ ജോഹറിന്റെ ജീവനക്കാരനായ ക്ഷിതിജിനെ ചോദ്യം ചെയ്തപ്പോൾ, താരങ്ങളുടെ പേരുകൾ അടക്കം നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന.

Related Articles

Back to top button