IndiaLatest

രണ്ടുകോടിയോളം രൂപ ശമ്പളത്തില്‍ ആമസോണില്‍ ജോലി; സ്വപ്‌ന നേട്ടവുമായി എന്‍.ഐ.ടി വിദ്യാര്‍ഥി

“Manju”

പട്‌ന: ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ എന്‍.ഐ.ടി വിദ്യാര്‍ഥിക്ക് രണ്ടുകോടിയോളം രൂപ ശമ്പളത്തില്‍ ജോലി നല്‍കി ആമസോണ്‍.
എന്‍.ഐ.ടി പട്നയിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി അഭിഷേക് കുമാറിനാണ് 1.8 കോടി രൂപ വാര്‍ഷിക ശമ്ബളത്തില്‍ ഇ.കൊമേഴ്സ് ഭീമന്മാരായ ആമസോണ്‍ ജോലി നല്‍കിയത്. എന്‍.ഐ.ടി. പട്‌നയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്ലേസ്‌മെന്റാണ് ഇതെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കി.
അഭിഷേകിനെ അഭിനന്ദിച്ചുകൊണ്ട് എന്‍.ഐ.ടി അധികൃതര്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ‘നിന്നെക്കുറിച്ച്‌ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. അഭിനന്ദനങ്ങള്‍, നിന്റെ ആത്മാര്‍ഥമായ പരിശ്രമമാണ് ഈ വിജയത്തിലേക്ക് നയിച്ചത്. ഭാവിയിലേക്ക് എല്ലാ ആശംസകളും’ അഭിഷേകിന്റെചിത്രത്തോട് കൂടി ഐ.ഐ.ടി.പട്‌ന ട്വീറ്റ് ചെയ്തു. കൂടാതെ ഇതുവരെയുള്ള 130 ശതമാനം പ്ലേസ്‌മെന്റുകളോടെ എന്‍.ഐ.ടി പട്‌ന റെക്കോര്‍ഡുകളെല്ലാം തിരുത്തിയ വര്‍ഷമാണ് ഇതെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആമസോണ്‍ നടത്തിയ കോഡിംഗ് ടെസ്റ്റില്‍ അഭിഷേക് പങ്കെടുത്തിരുന്നു. ഇതില്‍ യോഗ്യത നേടിയ ശേഷം ഏപ്രില്‍ മാസത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മൂന്ന് റൗണ്ട് ഇന്റര്‍വ്യൂകളിലും പങ്കെടുത്തു. ഇതിന് ശേഷമാണ് ജോലി ഓഫര്‍ നല്‍കിയത്. ഏപ്രില്‍ 21 നാണ് ആമസോണ്‍ ജര്‍മ്മനിയില്‍ നിന്ന് അഭിഷേകിനെ വിളിച്ച്‌ തെരഞ്ഞെടുത്ത വിവരം നല്‍കിയത്. ജോലിയില്‍ പ്രവേശിക്കാനായി ഈ സെപ്തംബറോടെ അഭിഷേക് ജര്‍മ്മനിയിലേക്ക് തിരിക്കും.
ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി അദിതി തിവാരിക്ക് ഫേസ്ബുക്കില്‍ നിന്ന് ലഭിച്ച 1.6 കോടി രൂപയുടെ ഓഫര്‍ ആയിരുന്നു ഇതുവരെയുള്ള പട്‌ന എന്‍.ഐ.ടിയിലെ ഏറ്റവും ഉയര്‍ന്ന പ്ലേസ്‌മെന്റ്. ഗൂഗിളില്‍ നിന്ന് 1.1 കോടി രൂപയുടെ പാക്കേജ് സ്വീകരിച്ച സംപ്രീതി യാദവ് എന്ന പെണ്‍കുട്ടിക്കാണ് അദിതിക്ക് മുമ്പ് ഏറ്റവും ഉയര്‍ന്ന പാക്കേജ് ലഭിച്ചത്.
കോവിഡ് മഹാമാരിക്കാലം മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാമ്പസ് പ്ലേസ്‌മെന്റുകളെ സാരമായി ബാധിച്ചിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി കാര്യമായ പ്ലേസ്മെന്‍റുകള്‍ നടന്നിരുന്നില്ല. എന്നാല്‍ വന്‍കിട കമ്പനികളടക്കംവീണ്ടും റിക്രൂട്ട്‌മെന്റുകള്‍ പുന:രാരംഭിച്ചത് വിദ്യാര്‍ഥികള്‍ക്കും ആശ്വാസമായിരിക്കുകയാണ്.

Related Articles

Back to top button