KeralaLatest

കറുത്ത പൊന്നിന് പത്തരമാറ്റ്

“Manju”

കോഴിക്കോട്: കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി കുരുമുളക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ 1300 രൂപ വര്‍ദ്ധിച്ച്‌ ക്വിന്റലിന് 49,300 രൂപയായി.
കഴിഞ്ഞ മാസം അവസാനത്തില്‍ 49,000 രൂപയായിരുന്നു. ജനുവരിയില്‍ ക്വിന്റലിന് 31, 300 രൂപയായിരുന്നു വിപണി വില. 2021 അവസാനിക്കാനിരിക്കെ 18,000 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം ഫെബ്രുവരി അവസാനത്തിലാണ് കുരുമുളക് വിലയില്‍ കാര്യമായ വര്‍ദ്ധന കണ്ടുതുടങ്ങിയത്. ജൂണില്‍ വില ഉയര്‍ന്ന് 36,800 വരെയെത്തി. ഒക്‌ടോബറോടെ 40,000ത്തില്‍ മുട്ടി. നവംബറില്‍ ദീപാവലിയോടനുബന്ധിച്ച്‌ 45,300ലേക്ക് കുതിച്ചു. നിലവില്‍ 493 രൂപ വരെ കിലോ കുരുമുളകിന് വിലയുണ്ട്. ക്രിസ്മസ് വിപണി സജീവമായതോടെ കുരുമുളക് വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
അതേസമയം വില കുതിക്കുമ്ബോഴും കാലാവസ്ഥാ വ്യതിയാനവും ചെടികള്‍ക്കുണ്ടാകുന്ന ദ്രുതവാട്ടവും പൊളളല്‍ രോഗവും കര്‍ഷകരെ ആശങ്കയിലാക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഉത്പ്പാദനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. സാധാരണ തിരുവാതിര ഞാറ്റുവേലയിലാണ് കുരുമുളകിന് തിരിയിടുന്നത്. എന്നാല്‍ കാലംതെറ്റി മഴ പെയ്തതോടെ വിളവും കുറഞ്ഞു. വയനാട്, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കുരുമുളക് കൂടുതലായി ഉത്പ്പാദിപ്പിക്കുന്നത്. നാടന്‍, ചേട്ടന്‍, വയനാടന്‍ എന്നീ ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. എന്നാല്‍ വയനാടനാണ് ആവശ്യക്കാര്‍ കൂടുതല്‍.
വിലയിലെ മാറ്റം കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെങ്കിലും ശാസ്ത്രീയമായി കുരുമുളക് കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം കര്‍ഷകര്‍ക്കുണ്ട്. ഉത്പ്പാദനം കുറയുന്നതും കൂലിയിലുണ്ടായ വര്‍ദ്ധനവും കര്‍ഷകന് താങ്ങാവുന്നതിലും അധികമാണ്. കുരുമുളക് പറിക്കുന്നതിന് ആയിരം രൂപ കൂലിയിനത്തില്‍ നല്‍കണം. കൂലിയും കൃഷിക്കാവശ്യമായ അനുബന്ധ ചെലവുകളും കഴിഞ്ഞാല്‍ തുച്ഛമായ തുക മാത്രമാണ് കര്‍ഷകന്റെ കൈയിലുണ്ടാവുക. മൂന്ന് കിലോ പച്ചക്കുരുമുളക് ഉണങ്ങിയാലാണ് ഒരു കിലോ ഉണക്കക്കുരുമുളക് കിട്ടുന്നത്.
മുടക്കുമുതല്‍ തിരിച്ചുകിട്ടാത്തതിനാല്‍ പരമ്ബരാഗത കര്‍ഷകരില്‍ പലരും കുരുമുളക് കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയാണ്.
”വില വര്‍ദ്ധനവ് ചെറിയ ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതിനാല്‍ ഉത്പ്പാദനം കുറഞ്ഞു. രണ്ടുവര്‍ഷം മുമ്ബ് ഒരു ക്വിന്റല്‍ കുരുമുളക് വിറ്റിരുന്നു. ഇപ്പോള്‍ പത്ത് കിലോ പോലും തികയുന്നില്ല ”
-കെ. ദിവാകരന്‍, കുരുമുളക് കര്‍ഷകന്‍

Related Articles

Back to top button