തൃശൂര്‍: ഹ്രസ്വദൂര ട്രെയിനുകളില്ലാത്തതിനാല്‍ ഹ്രസ്വദൂര യാത്രക്കാര്‍ വലയുന്നു. പാസഞ്ചര്‍, മെമു ട്രെയിനുകളെ ആശ്രയിച്ച സ്ഥിരം യാത്രികരാണ് ദീര്‍ഘദൂര ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാതെ യാത്രാക്ലേശം അനുഭവിക്കുന്നത്. അടുത്ത സ്റ്റേഷനിലേക്ക് യാത്ര ചെയ്യേണ്ട ഇക്കൂട്ടര്‍ക്കും ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് യാത്ര ചെയ്യേണ്ട ഗതികേടാണ്. എറണാകുളത്തേക്കും ഷൊര്‍ണൂരിലേക്കും അടക്കം അടുത്ത സ്റ്റേഷനുകളിലേക്കുള്ള യാത്രികര്‍ ഏറെയാണ്. എന്നാല്‍ ദീര്‍ഘദൂര ട്രെയിനുകളായതിനാല്‍ ഇവയില്‍ രണ്ടാം ക്ലാസ് സീറ്റുകള്‍ കുറവാണ്.
ഏതാനും ദിവസങ്ങളായി ട്രെയിനുകളില്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള യാത്രക്കാര്‍ കൂടിയിട്ടുമുണ്ട്. അതിനാല്‍ കന്യാകുമാരി, ആലപ്പുഴ എക്സ്പ്രസുകളില്‍ സീറ്റ് ഉറപ്പാക്കണമെങ്കില്‍ മൂന്നോ നാലോ ആഴ്ചകള്‍ക്ക് മുമ്ബെങ്കിലും ബുക്ക് ചെയ്യേണ്ട ഗതികേടാണ്.
ഇത് ജോലിക്കാര്‍ അടക്കം സ്ഥിരം യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് അര മണിക്കൂര്‍ മുേമ്ബ ടിക്കറ്റ് ബുക്കുചെയ്യാനാവുന്ന ‘വെര്‍ച്ച്വല്‍ റിമോട്ട് ലൊക്കേഷന്‍’ സംവിധാനം പുതിയതായി നടപ്പാക്കിയെങ്കിലും കാര്യങ്ങള്‍ ദിനംപ്രതി വഷളാവുകയാണ്. സ്ഥിരം യാത്രക്കാര്‍ക്ക് രാവിലെയും വൈകീട്ടും ഇന്റര്‍സിറ്റി പോലുള്ള ഹ്രസ്വദൂര ട്രെയിനുമില്ലാത്ത ഏക മേഖലയാണ് തൃശൂര്‍-എറണാകുളം പാത. സ്ഥിരം യാത്രികര്‍ കൂടുതലുള്ള മേഖലയില്‍ നിലവില്‍ രണ്ടുദീര്ഘദൂര ട്രെയിനുകളെ മാത്രം ആശ്രയിക്കേണ്ടിവരുന്നത് യാത്രക്കാര്‍ക്ക് ടിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഷൊര്‍ണൂരില്‍ നിന്നോ ഗുരുവായൂരില്നിന്നോ എറണാകുളത്തേക്ക് ഒരു പ്രതിദിന ട്രെയിന്‍ ഓടിച്ചെങ്കില്‍ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ.
സാധാരണ പാസഞ്ചര്‍, മെമു ട്രെയിനുകള്‍ ഇനിയും ഓടിത്തുടങ്ങാത്തതിനാല് കേരളത്തിനകത്ത് മുന്‍കൂട്ടി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തൃശൂരിലെ റിസര്‍വേഷന്‍ കേന്ദ്രത്തില്‍ നിന്നു നിലവില്‍ പ്രതിദിനം 650-700 ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യുന്നുണ്ട്. അതില്‍ 400-500 ടിക്കറ്റുകളും കേരളത്തിനകത്ത് യാത്രക്കുള്ളവയാണ്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, മംഗലാപുരം തുടങ്ങിയ ഇടങ്ങളിലേക്കാണ് അധികം ടിക്കറ്റുകളും. അതില്‍ എറണാകുളത്തേക്കും കോഴിക്കോട്ടേക്കും സ്ഥിരം യാത്രികരാണ് കൂടുതല്‍.