KeralaLatestUncategorized

അവസാന റൗണ്ടിൽ സുരാജും നിവിനും സൗബിനും; ജൂറിയെ വിസ്മയപ്പിച്ച് കനി

“Manju”

തിരുവനന്തപുരം • സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള അവസാന റൗണ്ടിൽ സുരാജ് വെഞ്ഞാറമൂടിനും കനി കുസൃതിക്കും ശക്തമായ വെല്ലുവിളി ഉയർത്തിയ എതിരാളികളുണ്ടായില്ല. ജൂറിയെ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവച്ചത്.

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പനും’ ‘വികൃതി’യും മാത്രമല്ല ‘ഫൈനൽസ്’ എന്ന ചിത്രത്തിലെ സുരാജിന്റെ പ്രകടനവും ജൂറിയെ സ്വാധീനിച്ചു. സുരാജിനു പുറമേ ഫഹദ് ഫാസിൽ, നിവിൻ പോളി, സൗബിൻ സാഹിർ എന്നിവരാണ് അവസാന റൗണ്ടിൽ എത്തിയത്. ഫഹദിനു മികച്ച സ്വഭാവ നടനുള്ള അവാർഡും നിവിൻ പോളിക്കു പ്രത്യേക പരാമർശവും നൽകി.

കനി കുസൃതിക്കൊപ്പം സ്വാസിക, അന്ന ബെൻ, പ്രിയംവദ തുടങ്ങിയവരെയും അവസാന റൗണ്ടിൽ പരിഗണിച്ചിരുന്നു. എന്നാൽ ‘ബിരിയാണി’യിലെ വേഷം ചെയ്യാൻ കനി കാട്ടിയ തന്റേടം അസാധാരണമായിരുന്നു. ഒരേസമയം കനിയുടെ മുഖത്തു ദുഃഖവും സന്തോഷവും പകയും വിദ്വേഷവും മാറി മറിയുന്നതു ജൂറിയെ വിസ്മയപ്പിച്ചു. സ്വാസികയ്ക്കു സ്വഭാവ നടിക്കുള്ള അവാർഡും അന്ന ബെൻ, പ്രിയംവദ എന്നിവർക്കു ജൂറി പരാമർശവും നൽകി.

ശക്തമായ തിരക്കഥയെ കയ്യടക്കത്തോടെ സിനിമയാക്കി മാറ്റിയതാണു ‘വാസന്തി’എന്ന ചിത്രം ഒന്നാമതെത്താൻ കാരണം. ‘ജല്ലിക്കട്ട്’,‘കെഞ്ചിര’,‘കുമ്പളങ്ങി നൈറ്റ്സ്’,‘ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’ തുടങ്ങിയ ചിത്രങ്ങളുമായി മത്സരിച്ചാണു ‘വാസന്തി’ വിജയം വരിച്ചത്. ജൂറി 2 തവണ ഈ ചിത്രം കണ്ടു.

നാടകത്തിൽ നിന്നു ജീവിതത്തിലേക്കു പോകുന്ന തിരക്കഥയും മികച്ച എഡിറ്റിങ്ങുമാണു പ്രത്യേകത. ഇതിന്റെ സംവിധായകർക്കു തന്നെയാണു തിരക്കഥയ്ക്കുള്ള അവാർഡ്. സാമൂഹിക പ്രതിബദ്ധതയുള്ള നല്ല ചിത്രം എന്ന പരിഗണനയിലാണു ‘കെഞ്ചിര’യെ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തത്.

ബാലചിത്രത്തിനുള്ള വിഭാഗത്തിൽ മത്സരിച്ച ‘നാനി’യും ജൂറിയുടെ പ്രശംസ നേടി. മത്സരിച്ച 119 സിനിമകളിൽ നിന്നു 10 മികച്ച ചിത്രങ്ങളെങ്കിലും അനായാസം തിരഞ്ഞെടുക്കാമെന്നിരിക്കെ അർഹതയുള്ളവർ തഴയപ്പെടുമോയെന്ന ആശങ്ക ജൂറിക്കുണ്ടായിരുന്നു.

Related Articles

Back to top button