IndiaLatest

മഹാകവി അക്കിത്തം അന്തരിച്ചു; സ്നേഹത്തിന്റെ സൗരപ്രഭയാൽ ജീവിതമെഴുതിയ കവി

“Manju”

എടപ്പാൾ • ‍ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു മനുഷ്യസ്നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന കവിതകളെഴുതിയ അക്കിത്തം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം എന്നിവയുൾപ്പെടെ അൻപതോളം കൃതികൾ രചിച്ചു

പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശ്രീദേവി അന്തർജനം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ.പ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്.

യുദ്ധക്കെടുതികളും നഗരവൽക്കരണം സൃഷ്ടിച്ച അരക്ഷിതത്വവും സ്നേഹശൂന്യമായ കാലത്തിന്റെ സങ്കടകഥകളും കവിതകളിൽ പൊള്ളുന്ന അനുഭവമാക്കിയിട്ടുണ്ട് അക്കിത്തം. ഗാന്ധിയൻ ആത്മീയതയും അതിന്റെ മുഖമുദ്രയായ മാനവികതയും അക്കിത്തത്തിന്റെ കവിതകളുടെ അന്തർധാരയാണ്.

‘ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം’
എന്നെഴുതിയ കവിയുടെ രചനകളുടെയും ജീവിതത്തിന്റെയും അന്തസ്സത്തയായിത്തന്നെ നിൽക്കുന്നു ആ വരികൾ.

കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കൊച്ചി ചങ്ങമ്പുഴ സ്മാരകസമിതി വൈസ് പ്രസിഡന്റ്, കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘം ഡയറക്ടർ, തപസ്യ കലാസാഹിത്യ വേദി പ്രസിഡന്റ്, കടവല്ലൂർ അന്യോന്യ പരിഷത് പ്രസിഡന്റ്, പൊന്നാനി കേന്ദ്ര കലാസമിതി സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദർശനം, പണ്ടത്തെ മേൽശാന്തി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, മാനസപൂജ, വെണ്ണക്കല്ലിന്റെ കഥ, മനസാക്ഷിയുടെ പൂക്കൾ, ഭാഗവതം (വിവർത്തനം, മൂന്നു വാല്യങ്ങൾ), അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകൾ, കളിക്കൊട്ടിലിൽ, നിമിഷ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാനകൃതികൾ.

Related Articles

Back to top button