IndiaKeralaLatestThiruvananthapuram

കോവിഡ് രോഗികളിലേക്ക് ‘റോബോട്ടിക് മാജിക്കുമായി’ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ

“Manju”

കോവിഡ് രോഗികളിലേക്ക് ‘റോബോട്ടിക് മാജിക്കുമായി’ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ

തിരുവനന്തപുരം: കോവിഡ്  രോഗിയുടെ സമീപത്തെത്തി വിവരങ്ങൾ ശേഖരിച്ച് ഡോക്ടർമാരിലേക്കെത്തിക്കുന്ന റോബോട്ടുമായി തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജിലെ  വിദ്യാർത്ഥികൾ എം ടെക് റോബോട്ടിക്സ് ആൻ്റ് ഓട്ടോമേഷൻ 2018-20 വിദ്യാർത്ഥികൾ തയ്യാറാക്കിയ ഓട്ടോണമസ് നാവിഗേഷൻ സംവിധാനമുള്ള കോവിഡ് കെയർ റോബോട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിന് കൈമാറി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് ഏറ്റുവാങ്ങി. അദ്ധ്യാപിക ഡോ ശ്രീജയുടെ നേതൃത്വത്തിൽ റോബോട്ടിക്സ് വിദ്യാർത്ഥികളായ സഞ്ജുന മറിയം മാത്യൂസ് (ടീം ലീഡർ), എം അജ്മൽ, കെ ഹരികൃഷ്ണൻ, റോജിൻ ഫിലിപ്പ് റെജി, അരുൺ ശങ്കർ എന്നിവരാണ് കോവിഡ് കെയർ റോബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡോ. രഞ്ജിത്ത് എസ് കുമാർ,  മെഡിക്കൽ കോളേജ് എ ആർ എം ഒ ഡോ ഷിജു മജീദ് എന്നിവരുടെ നിർദ്ദേശങ്ങൾ വിദ്യാർത്ഥികളുടെ പരിശ്രമത്തിന്  മുതൽക്കൂട്ടായി. തിരക്കേറിയ സമയത്ത് റോബോട്ടിന് രോഗിയുടെ അടുത്തെത്താൻ ജോയ്സ്റ്റിക്ക് നിയന്ത്രണത്തിലൂടെ കഴിയും. തിരക്കില്ലാത്ത സമയങ്ങളിൽ റോബോട്ട് സ്വയം വഴി തെരഞ്ഞെടുക്കുന്ന ഓട്ടോണമസ് നാവിഗേഷൻ ഉപയോഗിക്കാം. ഡോക്ടർക്ക് ടെലിമെഡിസിൻ ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ റോബോട്ടിലെ ടാബുമായി ബന്ധപ്പെടുകയും വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയും ചെയ്യാം. റോബോട്ടിനെ ഒപിയിലും ആശുപത്രി വാർഡിലും ഉപയോഗപ്പെടുത്താവുന്നതാണ്. ഇതോടൊപ്പം കൈ കാണിക്കുമ്പോൾ തന്നെ സാനിറ്റൈസർ കൈക്കുമ്പിളിലേയ്ക്ക് വീഴുന്ന നോൺ കോണ്ടാക്ട് സാനിറ്റൈസിംഗ് സംവിധാനവും റോബോട്ടിലുണ്ട്. റോബോട്ട് രൂപകല്പനയിലൂടെ കോവിഡ് കാലഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ഒരു കൈത്താങ്ങായി മാറിയിരിക്കുകയാണ് തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ. പുതിയ ഒരു പരിസരത്തിൽ 2 മണിക്കൂർ കൊണ്ട് റോബോട്ടിന്റെ കമ്പ്യൂട്ടർ സെറ്റപ്പും മാപ്പിങ്ങും നടപ്പിലാക്കാൻ സാധിക്കും.  ഓപ്പൺ സോഴ്സ് സിസ്റ്റം ആയ റോബോട്ടിൽ  ഡൈനാമിക് ഒബ്സ്റ്റക്കിൾ   അവോയ്ഡൻസ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. രോഗികൾക്കരികിലേയ്ക്ക് 40 കിലോ വരെയുള്ള സാധനങ്ങളും ഈ റോബോട്ടിലുള്ള ട്രേയിലൂടെ എത്തിക്കാനാകും.

1987-91 പൂർവവിദ്യാർത്ഥി സംഘടനയായ ലൈറ്റ് ഹൗസാണ് പ്രോജക്ട് സ്പോൺസർ ചെയ്തിരിക്കുന്നത്. 80,000 രൂപയോളം ചെലവിലാണ് റോബോട്ടിന്റെ നിർമ്മാണം. റോബോട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ട്  റിസർച്ച് ആന്റ് ഡെവലപ്മെൻ്റിൻ്റെ ഭാഗമായി രണ്ടു മാസം കൊണ്ടാണ് ഇതിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ആരോഗ്യ പ്രവർത്തകർക്കായി വിദ്യാർത്ഥികൾ തയ്യാറാക്കി നൽകിയ  റോബോട്ട് വലിയ അധ്വാനത്തിന്റെ ഫലമാണെന്നും വിദ്യാർത്ഥികളോട് നന്ദി അറിയിക്കുന്നതായും പ്രിൻസിപ്പൽ ഡോ സാറ വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് എന്നിവർ അറിയിച്ചു. ചടങ്ങിൽ ഡെപൂട്ടി സൂപ്രണ്ടുമാരായ ഡോ ജോബി ജോൺ, ഡോ സന്തോഷ് കുമാർ, ഡോ സുനിൽ കുമാർ, ആർ എം ഒ ഡോ മോഹൻ റോയ്, എ ആർ എം ഒ മാരായ ഡോ ഷിജു മജീദ്, ഡോ സുജാത എന്നിവർ പങ്കെടുത്തു.

ചിത്രം: തിരുവനന്തപുരം ഗവ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച റോബോട്ട് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു കൈമാറിയപ്പോൾ

Related Articles

Back to top button