KeralaLatest

ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്ബദ്‌വ്യവസ്ഥയായി ഇന്ത്യ

“Manju”

യുകെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്ബദ്‌വ്യവസ്ഥയായി മാറി.
2019-ലും ഇന്ത്യ യുകെയുടെ മുന്നില്‍ ഇടം പിടിച്ചിരുന്നു. ഈ സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യം മുന്നേറ്റം നടത്തിയെന്ന് അന്താരാഷ്‌ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച്‌ വരെയുള്ള പാദത്തില്‍ 854.7 ബില്യണ്‍ ഡോളറായിരുന്നു ഇന്ത്യയുടെ വളര്‍ച്ച എന്നാല്‍ യുകെയില്‍ ഇത് 814 ബില്യണ്‍ ഡോളറാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ലോകത്തിലെ ഏറ്റവും വലിയ സമ്ബദ്‌വ്യവസ്ഥകളില്‍ ഇന്ത്യയുടെ സ്ഥാനം പതിനൊന്നാമതായിരുന്നു.
അതേസമയം, പണപ്പെരുപ്പത്തിന്റെ പിടിയില്‍പ്പെട്ടിരിക്കുകയാണ് യുകെ. നാല് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ പണപ്പെരുപ്പമാണ് യുകെ നേരിടുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇം​ഗ്ലണ്ടില്‍ സാമ്ബത്തിക മാന്ദ്യം 2024 വരെ തുടരും. സമ്ബദ്‌വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യയ്‌ക്ക് മുന്നിലുള്ളത് അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നിവയാണ്. അതേസമയം, നിലവിലെ വളര്‍ച്ചാ നിരക്ക് വെച്ച്‌ നോക്കുമ്ബോള്‍ 2027-ല്‍ ജര്‍മ്മനിയെയും 2029-ല്‍ ജപ്പാനെയും ഇന്ത്യ മറികടക്കുമെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2023 സാമ്ബത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 13.5 ശതമാനമായിരുന്നു. ഈ നിരക്കില്‍, നടപ്പ് സാമ്ബത്തിക വര്‍ഷം ഏറ്റവും വേഗത്തില്‍ വളരുന്ന സമ്ബദ്‌വ്യവസ്ഥയായി ഇന്ത്യ മാറാനാണ് സാധ്യത. 2023 സാമ്ബത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് നിലവില്‍ 6.7 ശതമാനം മുതല്‍ 7.7 ശതമാനം വരെയാണ്. എന്നാല്‍ ഇത് ഒരു പ്രശ്നമായി കാണാന്‍ സാധിക്കില്ല. ലോകത്താകമാനം പല അനിശ്ചിതത്വങ്ങളും സംഭവിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ വളര്‍ച്ചാ നിരക്ക്. എന്നാല്‍ ഏതു സാഹചര്യത്തിലും 6 ശതമാനം മുതല്‍ 6.5 ശതമാനം വരെയുള്ള വളര്‍ച്ച ഇന്ത്യ നിലനിര്‍ത്തും. ഇതിന് താഴേക്ക് ഇന്ത്യ ​കൂപ്പുകുത്തില്ല എന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. ഐ‌എം‌എഫിന്റെ പ്രവചനമനുസരിച്ച്‌, ഈ വര്‍ഷം വാര്‍ഷികാടിസ്ഥാനത്തില്‍ ഇന്ത്യ കൂടുതല്‍ മുന്നേറ്റം നടത്തും.

Related Articles

Back to top button