InternationalLatest

ആദ്യമായി മാസ്‌ക് ധരിച്ചു; ട്രംപ്

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂയോര്‍ക്ക്​: സ്വന്തം രാജ്യത്ത് കൊവി​ഡ് മൂലം ആയി​രങ്ങള്‍ മരി​ച്ചുവീഴുമ്പോഴും കൊവി​ഡി​നെയും മാസ്ക് ധരി​ക്കുന്നതി​നെയും പുച്ഛി​ച്ചുതള‌ളി​യ അമേരി​ക്കന്‍ പ്രസി​ഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഒടുവില്‍ മനം മാറ്റം. അദ്ദേഹവും മാസ്ക് ധരിക്കാന്‍ തുടങ്ങി. കഴിഞ്ഞദിവസം ഒരു സൈനിക ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പട്ടാളക്കാരെ സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് ആദ്യമായി ട്രംപ് മാസ്ക് ധരിച്ചെത്തിയത്. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ടുചെയ്തശേഷം അദ്ദേഹം മാസ്കുധരിച്ച്‌ പുറത്തിറങ്ങിയത് ആദ്യമായാണ്.

ആശുപത്രിയിലേക്ക് പോകുന്നതിനായി ഹെലികോപ്ടറില്‍ കയറുംമുമ്പ് മാസ്കിന്റെ മഹത്വം വാഴ്‌ത്താനും അദ്ദേഹം മടിച്ചില്ല. ആശുപത്രിയില്‍ പോകുമ്പോള്‍ മാസ്ക് ധരിക്കുന്നത് ഒരു വലിയ കാര്യമാണെന്നായിരുന്നു മാദ്ധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞത്. മാസ്ക് ധരിച്ച്‌ ഫോട്ടോയ്ക്ക് പോസുചെയ്യാനും അദ്ദേഹം മറന്നില്ല.

വൈറ്റ്ഹൗസിലെ ജീവനക്കാര്‍ക്കടക്കം കൊവിഡ് ബാധിച്ചിട്ടും ഇതൊരു ചെറിയപനിമാത്രമാണെന്നും അതിനിത്ര ബഹളംവയ്ക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ട്രംപിന്റെ നിലപാട്.

പലതവണ നിര്‍ബന്ധിച്ചശേഷമായിരുന്നു കൊവിഡ് പരിശോധനയ്ക്കുതന്നെ മുതിര്‍ന്നത്. തന്റെ ജീവിത ശൈലിയുടെ പ്രത്യേകതകൊണ്ട് കൊവിഡ് ബാധിക്കില്ലെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. രോഗം പടരാതിരിക്കാന്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെയും ട്രംപ് വിമര്‍ശിച്ചിരുന്നു. ഇൗ നിലപാടില്‍ നിന്ന് ട്രംപ് പെട്ടെന്ന് മലക്കംമറിഞ്ഞതിന് കാരണം എന്താണെന്ന് വ്യക്തമല്ല.

Related Articles

Back to top button