IndiaKeralaLatestThiruvananthapuram

മൊബൈല്‍ ആപ്പുകള്‍ക്ക് പിന്നാലെ ചൈനീസ് സര്‍വകലാശാലകള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര നീക്കം

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി : ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം അനന്തമായി നീളുമ്പോള്‍ വ്യത്യസ്തമായ വഴികളിലൂടെ ചൈനയെ പ്രതിരോധിക്കുവാനുള്ള വഴികള്‍ തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ആദ്യ പടിയെന്നോണം നൂറുകണക്കിന് ചൈനീസ് ആപ്പുകളെ കേന്ദ്രം നിരോധിച്ചിരുന്നു. ടിക്‌ടോക്ക് അടക്കമുള്ള പ്രശസ്ത ഗെയിമുകള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിരോധനം മറ്റു രാഷ്ട്രങ്ങളും പിന്തുടര്‍ന്നതോടെ ചൈന പരുങ്ങലിലായിരുന്നു. രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു എന്ന കാരണത്താലാണ് നിരവധി രാജ്യങ്ങള്‍ ചൈനീസ് ആപ്പിനോട് വിടപറയുന്നത്.

ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ചൈനീസ് കമ്പനികള്‍ രാജ്യത്ത് നടത്തുന്ന നിക്ഷേപങ്ങളിലും ശ്രദ്ധവയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍ക്ക് അനുമതി തേടണം എന്നാണ് കേന്ദ്രം തീരുമാനിച്ചത്. ഇത് ചൈനയെ ഉദ്ദേശിച്ച്‌ മാത്രമായിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണം ഇന്ത്യയിലെ സര്‍വകലാശാലകളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനും ഇപ്പോള്‍ അനുമതി നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. മുന്‍നിശ്ചയ പ്രകാരം ഇന്ത്യയിലെ ഏഴോളം സര്‍വകലാശാലകളില്‍ കണ്‍ഫ്യൂഷ്യസ് ക്ലാസ് ആരംഭിക്കുവാന്‍ ധനസഹായം നല്‍കുന്ന ചൈനീസ് ലാംഗ്വേജ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ നടത്തുന്ന നീക്കത്തിലും പരിശോധന നടത്തുവാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. അവലോകനം നടത്തിയതിന് ശേഷമേ ഇത്തരത്തിലുള്ള വിദ്യാഭ്യാസ പരിപാടികളുമായി മുന്നോട്ട് പോകാന്‍ ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്ക് അനുമതി ലഭിക്കുകയുള്ളു.

ചൈനീസ് ഭാഷയും സാംസ്‌കാരവും പ്രചരിപ്പിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള കണ്‍ഫ്യൂഷ്യസ് ക്ലാസ് പ്രോഗ്രാമുകള്‍ വിവിധ രാജ്യങ്ങളില്‍ നടപ്പിലാക്കി വരുന്നു. എന്നാല്‍ അമേരിക്ക, ഓസ്‌ട്രേലിയ പോലെയുള്ള രാജ്യങ്ങള്‍ സംശയദൃഷ്ടിയോടെയാണ് ഇതിനെ കാണുന്നത്. ചൈനീസ് സര്‍ക്കാര്‍ നടത്തുന്ന ആഗോള വിദ്യാഭ്യാസ പദ്ധതികളുടെ വിദേശ പ്രചാരണ ദൗത്യമായിട്ടാണ് കോണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെ യു എസ് മുദ്രകുത്തുന്നത്.

Related Articles

Back to top button