Kerala

വനിതാ മിത്രകേന്ദ്രം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാന വനിത വികസ കോര്‍പറേഷന്റെ നേതൃത്വത്തില്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്ഥാപിച്ച വനിതാ മിത്രകേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ നഗരസഭയിലെ എരവിമംഗലത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ 8 കോടി രൂപ ചിലവഴിച്ചാണ് വനിതാ മിത്ര കേന്ദ്രം ആരംഭിച്ചത്.

പട്ടണത്തില്‍ ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സ്ഥിരമായി താമസിക്കേണ്ടി വരുന്ന വനിതകള്‍ക്ക് സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ താമസ സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ മിത്രകേന്ദ്രം സജ്ജമാക്കിയതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. മൂന്ന് നിലകളിലായി 22,100 ചതുരശ്ര അടി വിസ്തീര്‍ഇത്തില്‍ നിര്‍മ്മിച്ച ഹോസ്റ്റലില്‍ ഒന്നും രണ്ടും നിലകളിലായി 85 വനിതകള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. താഴെ നിലയില്‍ അടുക്കള, സ്‌റ്റോര്‍, വാര്‍ഡന്‍ റൂം, ഓഫീസ്, റിക്രിയേഷന്‍ ഏരിയ, ഡേ കെയര്‍ എന്നിങ്ങനെയുള്ള പൊതുസൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഈ ഹോസ്റ്റല്‍ വനിതകളുടെ സുരക്ഷയും സൗകര്യവും ലക്ഷ്യമിടുന്നതോടൊപ്പം വനിതാ ശാക്തീകരണ രംഗത്ത് മറ്റൊരു മികച്ച പദ്ധതിയായിത്തീരുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ വനിതകളുടെ സമഗ്രമായ മുന്നേറ്റം ലക്ഷ്യമാക്കി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലായി മികച്ച പദ്ധതികള്‍ വിഭാവനം ചെയ്യുകയും നടപ്പിലാക്കി വരികയും ചെയ്യുന്നു. ഇവയില്‍ എടുത്തു പറയേണ്ട മികച്ച മാതൃകാ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് വനിതാ വികസന കോര്‍പ്പറേഷന്‍ പെരിന്തല്‍മണ്ണ നഗരസഭയുമായി സഹകരിച്ച് പൂര്‍ത്തീകരിച്ച നവീന മാതൃകയിലുള്ള വനിതാ മിത്ര കേന്ദ്രം. വനിത വികസന കോര്‍പ്പറേഷന്‍ സംസ്ഥാനത്ത് ഉടനീളമുള്ള 8 വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകളുടെ നടത്തിപ്പുകാര്‍ കൂടിയാണ്.

വനിത വികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്ക് തൊഴിലവസരം ലഭ്യമാകാനും നൈപുണി വികസനത്തിനുമായി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വനമിത്ര പദ്ധതിയിലൂടെ ആദിവാസി ഊരുകളില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഷീ പാഡ്, ഷീ ടോയിലറ്റ് തുടങ്ങിയ പദ്ധതികള്‍ വിപുലമാക്കി. എല്ലാ ജില്ലകളിലും വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍, സ്ത്രീകള്‍ക്ക് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിത്ര 181 എന്ന ഹെല്‍പ് ലൈന്‍ എന്നിങ്ങനെ നിരവധി പദ്ധതികളാണ് വനിത വികസന കോര്‍പറേഷന്‍ മുഖേന നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് സലിം അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്. സലീഖ സ്വാഗതമാശംസിച്ചു. കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.സി. ബിന്ദു റിപ്പോര്‍ട്ടവതരിപ്പിച്ചു. എച്ച്.എല്‍.എല്‍. ചെയര്‍മാനും എം.ഡിയുമായ ബെജി ജോര്‍ജ്, വനിത കമ്മീഷന്‍ മെമ്പര്‍ ഇ.എം. രാധ, കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.പി. സുമതി, വൈസ് ചെയര്‍ പേഴ്‌സണ്‍ നിഷി അനില്‍ രാജ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button