KeralaLatest

കാത്തിരുന്ന് കിട്ടിയ കുഞ്ഞിന്റെ മുഖം കണ്ടു കൊതി തീരും മുൻപേ രാജേഷിന്റെ വിയോഗം

“Manju”

ഉപ്പള • ‌‌‌‌‌‌കാത്തിരുന്നു കിട്ടിയ കുഞ്ഞിന്റെ മുഖം കണ്ടു കൊതി തീരും മുൻപാണു കാട്ടുപന്നി രാജേഷിന്റെ ജീവനെടുത്തത്.‌ ഇതോടെ 40 ദിവസം പ്രായമായ മകനും ഭാര്യയും രോഗബാധിതനായ അച്ഛനും അടങ്ങുന്ന കുടുംബം അനാഥമായി. 7 വർഷം മുൻപായിരുന്നു കുബനൂരിലെ രാജേഷും സുഹാസിനിയും തമ്മിലുള്ള വിവാഹം. ഒട്ടേറെ ചികിത്സയ്ക്കും പ്രാർഥനകൾക്കും ശേഷം ഒരു മാസം മുൻപാണ് ഇവർക്കു മകൻ പിറന്നത്. അതിന്റെ സന്തോഷത്തിലായിരുന്നു ഈ കുടുംബം. പതിവു പോലെ രാവിലെ പണിക്ക് പോകാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു രാജേഷ്. ഒരു കിലോമീറ്റർ അകലെ ബേക്കൂരിലേക്കാണ് പോകേണ്ടിയിരുന്നത്. വീട്ടിൽ നിന്നു നടന്ന് 100 മീറ്റർ മാറിയപ്പോഴാണു കാട്ടുപന്നിയുടെ മുന്നിലകപ്പെട്ടത്. സമീപത്തെ കൃഷിയിടത്തിൽ നിന്ന് എത്തിയ പന്നി കുത്തിവീഴ്ത്തുകയായിരുന്നു.

കരച്ചിൽ കേട്ട് എത്തിയ അയൽവാസി സതീഷ് കണ്ടതു പന്നിയുമായി മൽപ്പിടുത്തം നടത്തുന്ന രാജേഷിനെയാണ്. ഉടൻ ബഹളം കൂട്ടി വടിയുമായി എത്തിയപ്പോഴേക്കും പന്നി രാജേഷിനെ വിട്ട് ഓടിപ്പോയി. രക്തത്തിൽ കുളിച്ചു കിടന്ന രാജേഷിനെ ഉടൻ തന്നെ ബന്തിയോട് സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. 3 കുത്തുകളാണു രാജേഷിന്റെ ശരീരത്തിലുണ്ടായിരുന്നത്. കഴുത്തിലേറ്റ മുറിവാണു മരണകാരണം. രാജേഷ് പണിയെടുത്തു കിട്ടുന്നതായിരുന്നു നിർധന കുടുംബത്തിന്റെ ഏകവരുമാന മാർഗം. കുബനൂർ ഉൾപ്പെടെ മംഗൽപാടി പഞ്ചായത്തിലെ പല ഭാഗങ്ങളിലും കാട്ടുപന്നി ശല്യം വ്യാപകമാണ്. കൃഷി നശിപ്പിച്ചു കർഷകരെ കണ്ണീരു കുടിപ്പിക്കുന്ന ഇവ ജീവനെടുക്കാൻ തുടങ്ങിയതോടെ ജീവിതവും ദുസ്സഹമായി.

മനുഷ്യരുടെ ജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ കൊല്ലാൻ സർക്കാർ അനുമതി നൽകിയിട്ടും കർഷകർക്കു വിമുഖത. ഇതുവരെ 3 കർഷകർ മാത്രമാണ് അനുമതി തേടി വനംവകുപ്പിനെ സമീപിച്ചത്. ഇതിൽ ഡിഎഫ്ഒ അന്തിമ തീരുമാനം എടുത്തിട്ടുമില്ല. പഞ്ചായത്തുകളിലെ ജാഗ്രത സമിതിയുടെ റിപ്പോർട്ട് ലഭിക്കാത്തതു കൊണ്ടാണു തീരുമാനം വൈകുന്നതെന്നു ഡിഎഫ്ഒ പി.കെ.അനൂപ് കുമാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർക്കു പുറമേ തോക്ക് ലൈസൻസ് ഉള്ളവർക്കും പന്നികളെ വെടിവയ്ക്കാം. അതിനു മുൻപ് വനംവകുപ്പിന്റെ അനുമതി വാങ്ങണമെന്നു മാത്രം.റേഞ്ച് ഓഫിസർക്ക് അപേക്ഷ നൽകിയാൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികൾ, കർഷകർ തുടങ്ങിയവർ അംഗങ്ങളായ ജാഗ്രത സമിതിയുടെയും റിപ്പോർട്ടുകൾ പരിശോധിച്ച് ഡിഎഫ്ഒ ആണ് അനുമതി നൽകേണ്ടത്. ലൈസൻസ് തോക്ക് കൈവശമുള്ള കർഷകർക്കാണ് അനുമതി നൽകുന്നത്.

പന്നിയെ വെടിവച്ചു കഴിഞ്ഞാൽ വനംവകുപ്പ് കൈമാറണം. വെറ്ററിനറി സർജന്റെയും വനപാലകരുടെയും സാന്നിധ്യത്തിൽ പന്നിയുടെ ജഡം മണ്ണെണ്ണ ഒഴിച്ച് കത്തിക്കണമെന്നാണു നിയമം. പന്നികളെ സംരക്ഷിത വിഭാഗത്തിൽ നിന്നു ക്ഷുദ്രജീവികളുടെ ഗണത്തിലേക്കു മാറ്റി 6 മാസത്തേക്കാണ് അനുമതി നൽകുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കാരണം തോക്കുകളെല്ലാം പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച സാഹചര്യത്തിൽ പന്നിയെ വെടിവയ്ക്കുന്നത് ജില്ലയിൽ ഇനിയും നീണ്ടു പോകാനാണ് സാധ്യത.

Related Articles

Back to top button