Thiruvananthapuram

കോവിഡ് സമയത്തു ആയുർവേദത്തിലൂടെയുള്ള പരിചരണം – വർക്ക്‌ ഷോപ്പ് സംഘടിപ്പിച്ചു

“Manju”

തിരുവനന്തപുരം : കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ റീജിയണല്‍ ഔട്ട്റീച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ദേശീയ ആയുഷ് മിഷനും തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന വകുപ്പും ചേര്‍ന്ന് ‘കോവിഡ് സമയത്ത് ആയുര്‍വേദത്തിലൂടെയുള്ള പരിചരണം’ എന്ന വിഷയത്തില്‍ പ്രാദേശിക വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു.

പരിപാടിയില്‍ പങ്കെടുത്ത ഐ.എസ്.എം ആയുര്‍ രക്ഷ ക്ലിനിക്കിന്‍റെ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ.ജി.പി.സിദ്ധി കോവിഡിനെതിരെയുള്ള ആയുര്‍വ്വേദ ചികിത്സയ്ക്ക് കേരള സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചതായി അറിയിച്ചു. ഇതോടെ കോവിഡ് ചികിത്സയുടെ മേഖലയിലെ ആയുര്‍വ്വേദചികിത്സാ പ്രവര്‍ത്തനങ്ങളെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും ഡോ.സിദ്ധി പറഞ്ഞു.

ഇതുവരെ ഐഎസ്എം ആയുര്‍രക്ഷ ക്ലിനിക്കുകള്‍ ആളുകളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനായി പ്രതിരോധ മരുന്നുകള്‍ നല്‍കുന്നതിനുള്ള പദ്ധതികളായ, സ്വസ്ത്യം, സുഖായുശ്യം, പുനര്‍ജനി, അമൃതം എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

കോവിഡ് 19 തടയുന്നതിന് ആരോഗ്യകരമായ ജീവിതശൈലി പരിശീലിപ്പിക്കുന്നതിനൊപ്പം മാസ്ക്, കൈകഴുകല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ ക്കുറിച്ചും ഡോ.സിദ്ധി സംസാരിച്ചു. കോവിഡ് 19 ന്‍റെ വിവിധ ലക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനിടയില്‍ പോസ്റ്റ് കോവിഡ് സിന്‍ഡ്രോമിനെക്കുറിച്ചും അവര്‍ മുന്നറിയിപ്പ് നല്‍കി.

ആയുര്‍വ്വേദം നമ്മുടെ പാരമ്പര്യത്തിന്‍റെ ഭാഗമാണെന്നും കോവിഡ് 19 പോലുള്ള പകര്‍ച്ചവ്യാധി തടയാന്‍ ആയുര്‍വ്വേദ ചികിത്സ രീതിയെ നമുക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയണമെന്നും പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തിയ റീജിയണല്‍ ഔട്ട്റീച്ച് ബ്യൂറോ ജോയിന്‍റ് ഡയറക്ടര്‍ ഡോ. നീതു സോന പറഞ്ഞു.

റീജിയണല്‍ ഔട്ട്റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി. കെ.എ. ബീന കോവിഡ് ബാധിതയായപ്പോള്‍ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചു. കോവിഡ് 19 സമയത്തും അതിനുശേഷവും ശരീരത്തിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ആയുര്‍വ്വേദത്തിന്‍റെ പങ്കിനെക്കുറിച്ച് വിവരിക്കുകയും ചെയ്തു.

തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന വകുപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീമതി കെ എച്ച് ലജീന സംസാരിച്ചു. ഫീല്‍ഡ് എക്സിബിഷന്‍ ഓഫീസര്‍ ശ്രീ എല്‍ സി പൊന്നുമോന്‍ ചര്‍ച്ച നിയന്ത്രിച്ചു. ജില്ലയിലെ നൂറിലധികം സിഡിപിഒകളും ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാരും റീജിയണല്‍ ഔട്ട്റീച്ച് ബ്യൂറോയിലെയും ഏഴ് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോകളും ഉദ്യോഗസ്ഥരും വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തു.

Related Articles

Back to top button