IndiaLatest

‘കോണ്‍ഗ്രസിന്റെ മുടിയനായ പുത്രനാണ് ഞാന്‍’;പാർട്ടിയിൽ തിരികെയെത്തി മുന്‍ എംപി

“Manju”

അമരാവതി: ആന്ധ്രയിലും തെലങ്കാനയിലും രാഷ്ട്രീയമായി നിലനില്‍ക്കാന്‍ കോണ്‍ഗ്രസ് കഠിനശ്രമം നടത്തവേ മുന്‍ എംപി പാര്‍ട്ടിയില്‍ തിരിച്ചെത്തി. ആന്ധ്രപ്രദേശിലെ അമലാപുരം എംപിയായിരുന്ന ജി.വി ഹര്‍ഷകുമാറാണ് തിരിച്ചെത്തിയത്.

ആന്ധ്രപ്രദേശിന്റെ സംഘടന ഉത്തരവാദിത്വമുള്ള ഉമ്മന്‍ചാണ്ടിയുടെ സാന്നിദ്ധ്യത്തിലാണ് ഹര്‍ഷകുമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ശൈലജാനാഥ്, തെലങ്കാന കോണ്‍ഗ്രസ് നേതാവ് വി ഹനുമന്ത റാവു. കൊപ്പുല രാജു എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഉമ്മന്‍ചാണ്ടി എഐസിസി സെക്രട്ടറിയായെത്തിയതിന് ശേഷം പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയ നേതാക്കളെ ബന്ധപ്പെടുവാനുള്ള ശ്രമം ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന കിരണ്‍കുമാര്‍ റെഡ്ഡി നേരത്തെ മടങ്ങിയെത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ മുടിയനായ പുത്രനാണ് ഞാന്‍. സത്യമാണത്. മുടിയനായ പുത്രനെ സ്വീകരിക്കുന്ന പിതാവിനെ പോലെ കോണ്‍ഗ്രസ് തന്നെ ആശ്ലേഷിച്ചുവെന്ന് ഹര്‍ഷകുമാര്‍ പറഞ്ഞു.

വൈഎസ് രാജശേഖര്‍ റെഡ്ഡിയുടെ അടുത്ത അനുയായിരുന്നു ഹര്‍ഷകുമാര്‍. വൈഎസ്ആറിന്റെ മരണത്തിന് ശേഷം കോണ്‍ഗ്രസിനകത്ത് വലിയ ഉള്‍പ്പാര്‍ട്ടി പോര് നടന്നിരുന്നു. അതിന് ശേഷം ആന്ധ്രപ്രദേശിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡി രൂപീകരിച്ച പാര്‍ട്ടിയില്‍ ഹര്‍ഷകുമാര്‍ ചേരുകയായിരുന്നു. 2014ല്‍ തെലുങ്ക് ദേശം പാര്‍ട്ടി വന്‍ വിജയം നേടുകയും ഹര്‍ഷകുമാര്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.

2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ഹര്‍ഷകുമാര്‍ ചേര്‍ന്നെങ്കിലും സീറ്റ് ലഭിച്ചില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നര വര്‍ഷമായപ്പോഴാണ് ഹര്‍ഷകുമാറിന്റെ തിരിച്ചു വരവ്.

‘കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നു. ഹാത്രസ് സംഭവം ഞാന്‍ ഓര്‍ക്കുന്നു. എങ്ങനെയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസിനെ നേരിട്ടതെന്ന് ഞാന്‍ കണ്ടതാണ്. നമുക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉണ്ട്. അവരോടൊപ്പം നമുക്ക് ഒരുമിക്കാം. ഞാന്‍ അവരുടെ കൂട്ടത്തിലെ ഒരംഗമാവാന്‍ ആഗ്രഹിക്കുന്നു’, ഹര്‍ഷകുമാര്‍ പറഞ്ഞു.

Related Articles

Back to top button