IndiaLatest

സി.ബി.ഐ പിടിച്ചെടുത്ത സ്വര്‍ണത്തില്‍ 100 കിലോ കാണാനില്ല; പൊലിസ് അന്വേഷിക്കണമെന്ന് കോടതി

“Manju”

സിന്ധുമോൾ. ആർ

ചെന്നൈ: സി.ബി.ഐ കസ്റ്റഡിയില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവത്തില്‍ തമിഴ്‌നാട് പൊലിസ് അന്വേഷണം നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി.

2012 ല്‍ സുരാന കോര്‍പറേഷന്‍ ലിമിറ്റഡ് കമ്പനിയുടെ ചെന്നൈയിലെ ഓഫീസില്‍ നിന്ന് സിബിഐ റെയ്ഡിനിടെ പിടിച്ചെടുത്ത 400.47 കിലോഗ്രാം സ്വര്‍ണത്തില്‍ നിന്ന് 103 കിലോഗ്രാം സ്വര്‍ണം കാണാതായതിനെത്തുടര്‍ന്ന് കോടതി പൊലിസ് അന്വേഷണത്തിന് ഉത്തരവിട്ടത്. തമിഴ്‌നാട് പൊലിസിന്റെ അന്വേഷണത്തിന് ഉത്തരവിട്ടതിനെ ചോദ്യം ചെയ്ത സി.ബി.ഐ അഭിഭാഷകന്റെ വാദത്തിന് കോടതി രൂക്ഷമായ ഭാഷയിലാണ് മറുപടി നല്‍കിയത്.

തമിഴ്‌നാട് പൊലിസ് അന്വേഷണം നടത്തുന്നത് സി.ബി.ഐയുടെ അന്തസ്സിന് കോട്ടം വരുത്തുന്നതാണെന്ന അഭിഭാഷകന്റെ വാദത്തിനെതിരെ സി.ബി.ഐയ്ക്ക് മാത്രമായി പ്രത്യേക കൊമ്പുകളുണ്ടോയെന്നും പൊലിസിന് വാല്‍ മാത്രമാണോ ഉള്ളതെന്നും കോടതി ചോദിച്ചു. കാണാതായ സ്വര്‍ണത്തിന്റെ മൂല്യം ഏതാണ്ട് 45 കോടി വരും. അളവുയന്ത്രങ്ങളിലെ മാറ്റമാണ് ഈ വ്യതിയാനത്തിന് കാരണമെന്നായി സിബിഐയുടെ വാദം. എന്നാല്‍ കാലക്രമേണ ചുരുങ്ങി 100 കിലോയോളം ഭാരം കുറയാന്‍ സ്വര്‍ണമെന്താ കഞ്ചാവാണോന്ന് കോടതി പരിഹസിച്ചു.

പിടിച്ചെടുത്ത സ്വര്‍ണം സ്ഥാപനത്തിന്റെ ലോക്കറുകളില്‍ പൂട്ടി അടച്ചിരുന്നതായും ലോക്കറിന്റെ താക്കോല്‍ ചെന്നൈയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചതായും സി.ബി.ഐ അവകാശപ്പെടുന്നു. എന്നാല്‍ ഇതുസംബന്ധിച്ച തീയതികളൊന്നും രേഖകളില്‍ പരാമര്‍ശിച്ചിട്ടില്ല. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് സി.ബി.സി.ഐ.ഡിയോട് കോടതി നിര്‍ദേശിച്ചു.

Related Articles

Back to top button