KeralaLatestThrissur

മാസ്ക്കില്‍ മൈക്കും സ്പീക്കറും ഘടിപ്പിച്ച്‌ മലയാളി വിദ്യാര്‍ത്ഥി

“Manju”

തൃശ്ശൂര്‍: മാസ്‌ക് വെച്ച്‌ ഉറക്കെ പറയാന്‍ പാടുപെടുന്നവര്‍ ഇനി ബുദ്ധിമുട്ടേണ്ട. മൈക്കും സ്പീക്കറും ഘടിപ്പിച്ച മാസ്‌ക് വരുന്നു. മാസ്‌കിനും ഫെയ്‌സ് ഷീല്‍ഡിനും മുകളില്‍ ഘടിപ്പിക്കാനാകുന്ന ഇത്തിരിക്കുഞ്ഞന്‍ വോയ്‌സ് ആംപ്ലിഫയര്‍ തയ്യാറാക്കിയിരിക്കുകയാണ് തൃശ്ശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജ് ഇന്‍ക്യുബേറ്ററിലെ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി കെവിന്‍ ജേക്കബ്.

മാസ്‌കില്‍ ഓട്ടയിടാതെ കാന്തമുപയോഗിച്ച്‌ ഉറപ്പിച്ചാണ് കെവിന്‍ മൈക്കും സ്പീക്കറും ഘടിപ്പിച്ചിരിക്കുന്നത്. റീചാര്‍ജ്‌ചെയ്ത് ഉപയോഗിക്കാവുന്ന ഈ മൈക്ക് ഫെയ്‌സ് ഷീല്‍ഡിലും ഘടിപ്പിക്കാം. നാലുമണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കാവുന്ന ഇതില്‍ 30 മിനുട്ടില്‍ റീച്ചാര്‍ജ് പൂര്‍ത്തിയാക്കാം. ആവശ്യത്തിനനുസരിച്ച്‌ ശബ്ദം കൂട്ടാനും കുറയ്ക്കാനുമാകും. രണ്ടുസെന്റീമീറ്റര്‍ വീതിയും മൂന്നുസെന്റീമീറ്റര്‍ നീളവുമാണ് വലിപ്പം.

പൂത്തോളിലെ ഡോക്ടര്‍ ദമ്പതിമാരായ സെനൂജിന്റെയും ജ്യോതിയുടെയും മകനാണ് കെവിന്‍. 60 എണ്ണം ഉണ്ടാക്കി ഡോക്ടര്‍മാര്‍ക്ക് നല്‍കിയപ്പോള്‍ വലിയ സ്വീകാര്യതയാണ് കിട്ടിയത്. ഇനി ഉപകരണം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ്. കണ്ടുപിടിത്താവകാശത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഓരോന്നായി നിര്‍മ്മിക്കുന്നതിനാല്‍ ഒരെണ്ണത്തിന് 900 രൂപയോളം വരും. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചാല്‍ 500 രൂപയേ പരമാവധി വരൂ.

ചികിത്സാരംഗത്തുള്ളവര്‍ക്കാണ് ഇത് ഏറെ ഉപയോഗപ്പെടുക. രോഗിയില്‍നിന്ന് അകലംപാലിച്ചുതന്നെ സംസാരിക്കാം. കൂടുതല്‍ നേരം സംസാരിച്ചാലും തൊണ്ടയ്ക്ക് ആയാസമുണ്ടാവില്ല. ഡോക്ടര്‍മാരായ മാതാപിതാക്കളുടെ തന്നെ വെല്ലുവിളികള്‍കണ്ടുള്ള അനുഭവത്തില്‍നിന്നാണ് കെവിന്‍ ഇത്തരമൊരു ഉപകരണം വികസിപ്പിച്ചത്. പാലക്കാട്ടെ എന്‍.എസ്.എസ്. എന്‍ജിനിയറിങ് കോളേജില്‍ അലംനി അസോസിയേഷന്‍ നടത്തിയ ദര്‍ശന ഇഗ്‌നൈറ്റ് എന്ന പ്രോജക്ടില്‍ ഏറ്റവും മികച്ച അഞ്ച് പ്രോജക്ടുകളില്‍ ഒന്നായി കെവിന്‍ വികസിപ്പിച്ച മാസ്‌ക് വോയ്‌സ് ആംപ്ലിഫയര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് തൃശ്ശൂര്‍ ഗവ. എന്‍ജിനിയറിങ് കോളേജ് ടെക്‌നോളജി ബിസിനസ് മാനേജര്‍ പ്രൊഫ. അജയ് ജെയിംസ് പറഞ്ഞു.

Related Articles

Back to top button