LatestThiruvananthapuram

‘ഒരു ജില്ല ഒരു ഉല്‍പ്പന്നം പദ്ധതി’ ; മന്ത്രി പി രാജീവ്

“Manju”

തിരുവനന്തപുരം ;കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍നിന്ന് വ്യാവസായികാടിസ്ഥാനത്തില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നം തയ്യാറാക്കുന്നതിനുള്ള ‘ഒരു ജില്ല ഒരു ഉല്‍പ്പന്നം’ പദ്ധതിയില്‍ ഈ വര്‍ഷം 108 യൂണിറ്റുകള്‍ തുടങ്ങുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായങ്ങള്‍ ആരംഭിക്കുന്ന യൂണിറ്റുകള്‍ക്ക് പദ്ധതി ചെലവിന്റെ 35 ശതമാനംവരെ സര്‍ക്കാര്‍ ധനസഹായം നല്‍കും. യൂണിറ്റിന് പത്തു ലക്ഷം രൂപവരെ ലഭിക്കും. നിലവിലുള്ള ഇത്തരം വ്യവസായങ്ങള്‍ക്കും സഹായം ലഭിക്കും.

വ്യക്തിഗത സംരംഭങ്ങള്‍ ആരംഭിക്കാന്‍ ബജറ്റില്‍ നാലര കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും പദ്ധതി നടപ്പാക്കാനുള്ള ഉല്‍പ്പന്നങ്ങള്‍ വ്യവസായ വകുപ്പ് തരംതിരിച്ചിട്ടുണ്ട്. ഒരു യൂണിറ്റിന് 10 മുതല്‍ 25 ലക്ഷം വരെ രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഒരു യൂണിറ്റില്‍ 15 പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കും.സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍തല വ്യവസായ വികസന ഓഫീസര്‍മാരെ ബന്ധപ്പെടണം. സംരംഭകരെ സഹായിക്കാന്‍ എല്ലാ കേന്ദ്രങ്ങളിലും ഹാന്‍ഡ് ഹോള്‍ഡിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലയില്‍ ഈ ഉല്‍പ്പന്നങ്ങള്‍

തിരുവനന്തപുരം – മരച്ചീനി, കൊല്ലം – മരച്ചീനി, മറ്റു കിഴങ്ങുവര്‍ഗങ്ങള്‍, പത്തനംതിട്ട – ചക്ക, ആലപ്പുഴ, തൃശൂര്‍ – നെല്ലുല്‍പ്പന്നങ്ങള്‍, കോട്ടയം, എറണാകുളം – കൈതച്ചക്ക, ഇടുക്കി – സുഗന്ധവ്യഞ്ജനങ്ങള്‍, പാലക്കാട് – ഏത്തക്കായ, മലപ്പുറം, കോഴിക്കോട് – തേങ്ങ, വയനാട് – പാലും പാലുല്‍പ്പന്നങ്ങളും, കണ്ണൂര്‍ – വെളിച്ചെണ്ണ, കാസര്‍കോട് -ചിപ്പി.

Related Articles

Back to top button