IndiaLatest

ലോകത്തിന്റെ നെറുകയില്‍ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളം

“Manju”

മുംബൈ: ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച്‌ ഇന്ത്യയിലെ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളം. പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ ഏക വിമാനത്താവളമാണിത്. ദുബായിലെയും ദോഹയിലെയും വിമാനത്താവളങ്ങള്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ 4-ാം സ്ഥാനം നേടിയത് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് വിമാനത്താവളമായിരുന്നു.
യുഎസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യാത്രാ മാഗസീനായ ‘ട്രാവല്‍ പ്ലസ് ലിഷര്‍’ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. വിമാനത്താവളത്തിലേയ്‌ക്കുള്ള പ്രവേശനം, സുരക്ഷാ ക്രമീകരമങ്ങള്‍, റെസ്റ്റോറന്റ്, ബാറുകള്‍ തുടങ്ങിയ മാനദണ്ഡങ്ങളായിരുന്നു സര്‍വേയ്‌ക്ക് പരിഗണിച്ചത്. 1,65,000 വായനക്കാര്‍ സര്‍വേയില്‍ പങ്കെടുത്തിരുന്നു.
ലോകോത്തര ആതിഥ്യമര്യാദയ്‌ക്കൊപ്പം യാത്രക്കാര്‍ക്ക് മികച്ച യാത്രാ സേവനങ്ങള്‍ നല്‍കുന്നതില്‍ വിമാനത്താവളം നേടിയ ഈ അംഗീകാരം എടുത്ത് പറയേണ്ടതാണെന്ന് മുംബൈ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഇന്ത്യൻ സംസ്‌കാരത്തെ മനോഹരമായി അവതരിപ്പിക്കുന്നതിലും യാത്രക്കാര്‍ക്ക് പകര്‍ന്ന് നല്‍കുന്നതിലും മുംബൈ വിമാനത്താവളത്തിനും വലിയ പങ്കുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ലോകത്തെ മികച്ച ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, സ്പാകള്‍, ക്രൂയിസ് ഷിപ്പുകള്‍, എയര്‍ലൈനുകള്‍ എന്നിവ കണ്ടെത്താനും വായനക്കാര്‍ക്കിടയില്‍ ‘ട്രാവല്‍ പ്ലസ് ലിഷര്‍’ മാഗസീൻ പ്രതിവര്‍ഷം സര്‍വേ നടത്താറുണ്ട്.

Related Articles

Back to top button