IndiaLatestSports

ധോണിക്കൊപ്പം ആ 7–ാം നമ്പർ ജഴ്സിയും ‌വിരമിക്കട്ടെ; ദിനേശ് കാർത്തിക്

“Manju”

ന്യൂഡൽഹി• സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ കാര്യത്തിൽ ചെയ്തതുപോലെ, രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച മഹേന്ദ്രസിങ് ധോണിയുടെ ജഴ്സി ഇനിയാർക്കും നൽകരുതെന്ന ആവശ്യവുമായി ഇന്ത്യൻ താരം ദിനേഷ് കാർത്തിക്. സച്ചിൻ വിരമിച്ച സാഹചര്യത്തിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി 10–ാം നമ്പർ ജഴ്സി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പിൻവലിച്ചിരുന്നു. സമാനമായ രീതിയിൽ ധോണിയുടെ ഏഴാം നമ്പർ ജഴ്സിയും പിൻവലിക്കണമെന്നാണ് ആവശ്യം.

ധോണിയുടെ കരിയറിലെ അവസാന രാജ്യാന്തര മത്സരമായി മാറിയ കഴിഞ്ഞ വർഷത്തെ ലോകകപ്പ് സെമി പോരാ‍ട്ടത്തിൽ, ന്യൂസീലൻഡിനോടു തോറ്റതിനു പിന്നാലെ ധോണിക്കൊപ്പം പകർത്തിയ ചിത്രം സഹിതമുള്ള പോസ്റ്റിലാണ് കാർത്തിക് ഈ ആവശ്യം ഉയർത്തിയത്. ധോണിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഏഴാം നമ്പർ ജഴ്സി പിൻവലിക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെടുന്ന ആദ്യത്തെ ക്രിക്കറ്റ് താരമാണ് കാർത്തിക്.

‘കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിൽ സെമി പോരാട്ടത്തിനുശേഷം ഏറ്റവും ഒടുവിൽ പകർത്തിയ ചിത്രമാണിത്. ഈ യാത്രയിൽ അവിസ്മരണീയമായ ഒട്ടേറെ മുഹൂർത്തങ്ങളുണ്ട്. വൈറ്റ് ബോൾ ക്രിക്കറ്റിൽനിന്ന് ഏഴാം നമ്പർ ജഴ്സിയും വിരമിച്ചതായി ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് എന്റെ വിശ്വാസം’ – ധോണിക്കൊപ്പമുള്ള ചിത്രം സഹിതം കാർത്തിക് കുറിച്ചു.

Related Articles

Back to top button